‘മാര്‍ട്ടിൻ സജീവമായിരുന്നില്ല, ചില പ്രാർഥനകളിൽ പങ്കെടുത്തിട്ടുണ്ട്; വിശ്വാസികൾ ചോറ്റുപാത്രം കൊണ്ടുവന്നതിൽ അസ്വാഭാവികതയില്ല’
Mail This Article
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ബോംബ് വച്ചതു താനാണെന്നു പറഞ്ഞു കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിൻ സജീവമായിരുന്നില്ലെന്നു യഹോവയുടെ സാക്ഷികളുടെ സമ്മേളന സംഘാടകർ. തമ്മനത്തെ പ്രാർഥനാ യോഗങ്ങളിൽ ഒന്നുരണ്ടു തവണ വന്ന് മാർട്ടിൻ ബൈബിൾ പഠിച്ചതായി അറിയാം. എന്നാൽ സജീവമായിരുന്നില്ലെന്നും യഹോവയുടെ സാക്ഷികളുടെ സമ്മേളന വക്താവ് ടി.എ.ശ്രീകുമാർ പറഞ്ഞു.
പ്രാർഥനയ്‌ക്കിടെയാണു സ്ഫോടനമുണ്ടായതെന്നും ടി.എ.ശ്രീകുമാർ വ്യക്തമാക്കി. രണ്ട് ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായി. സംശയാസ്പദമായി ഒന്നുമുണ്ടായിരുന്നില്ല. സ്ഫോടനം അപ്രതീക്ഷിതമായിരുന്നു. ഭക്ഷണം ആളുകൾ വീട്ടിൽനിന്നാണു കൊണ്ടുവന്നിരുന്നത്. ചോറ്റുപാത്രം കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അസ്വാഭാവികതയില്ലെന്നും സംഘാടകർ വിശദീകരിച്ചു.
കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിൻ തൃശൂര്‍ കൊടകര സ്റ്റേഷനിലാണു കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സ്ഫോടനം. ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്കു പൊള്ളലേൽക്കുകയും ചെയ്തു. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസിയും സ്ഥലത്തെത്തി. സംസ്ഥാനത്തെങ്ങും പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.