ADVERTISEMENT

കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ ചിരപരിചിതമായ വിഭാഗമാണ് യഹോവയുടെ സാക്ഷികൾ. എന്നാൽ വലിയ ആഘോഷമോ ആഡംബരമോ കാണിക്കാതെ പൊതുവെ ലളിത ജീവിതം നയിച്ചുവരുന്ന ഈ വിഭാഗത്തേക്കുറിച്ച് മറ്റു മതവിഭാഗങ്ങളിലുള്ളവർക്ക് ആഴത്തിലുള്ള അറിവില്ല എന്നതാണ് യാഥാർഥ്യം. മറ്റു വിഭാഗങ്ങളുമായി യഹോവയുടെ സാക്ഷികളും വലിയ തോതിൽ ഇടപെടൽ നടത്താറില്ല എന്നത് ഇതിന്റെ മറുവശമാണ്. ബാഹ്യലോകം ‘സാത്താന്റെ’ പിടിയിലാണെന്ന് വിശ്വസിക്കുന്ന ഈ മതവിഭാഗം രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവർത്തിക്കാറില്ല. എല്ലാം  സത്യദൈവമായ യഹോവയിൽ സമർപ്പിക്കുന്നതിലൂടെ സൗഖ്യത്തിലേക്ക് നീങ്ങാൻ മനുഷ്യന് കഴിയുമെന്നും ഇവർ വിശ്വസിക്കുന്നു.

ക്രൈസ്തവ വിഭാഗത്തിൽ തന്നെ വ്യത്യസ്ത വിശ്വാസരീതി പിന്തുടരുന്ന ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. ലോകത്താകെ രണ്ടു കോടിയോളം വിശ്വാസികള്‍ ഉളളതായി കണക്കാക്കപ്പെടുന്ന വിഭാഗം. ചാള്‍സ് റ്റെയ്സ് റസ്സല്‍ എന്ന അമേരിക്കന്‍ ബൈബിള്‍ ഗവേഷകന്‍ 1876 സ്ഥാപിച്ച "ബൈബിള്‍ വിദ്യാര്‍ഥികള്‍" എന്ന നിഷ്പക്ഷ ബൈബിള്‍ പഠന സംഘടനയാണ് പില്‍ക്കാലത്ത് യഹോവയുടെ സാക്ഷികളായി രൂപം പ്രാപിച്ചത്. ബൈബിൾ മാത്രം അടിസ്ഥാനപ്പെടുത്തിയുളളതാണ് ഈ വിഭാഗക്കാരുടെ വിശ്വാസങ്ങളും ആരാധനാ രീതിയും. യഥാസ്ഥിക ധാർമിക മൂല്യങ്ങൾ പിന്തുടരുന്ന യഹോവയുടെ സാക്ഷികള്‍ നിർബന്ധമായും മതപ്രചാരണത്തിന്റെ ഭാഗമാകണമെന്നതും ഇവരുടെ സവിശേഷതയാണ്.

1905ലാണ് ഈ മത വിഭാഗത്തിൽപ്പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരണത്തിന് എത്തിയത്. 1911ല്‍ ആദ്യകാല പ്രചാരകന്‍ ടി.സി.റസല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രസംഗിച്ച സ്ഥലമാണ് റസല്‍പുരം എന്നറിയപ്പെടുന്നത്. സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവയുടെ സാക്ഷികളുണ്ടെന്നാണ് കണക്ക്. ഇവര്‍ ക്രിസ്മസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കാറില്ല. എന്നാൽ ക്രിസ്തുവിന്റെ മരണദിനം ഇവർ ആചരിക്കാറുണ്ട്. പൗരാണിക ജൂത കലണ്ടർ പ്രകാരമുള്ള നിസാൻ 14 എന്ന തീയതിയിലാണ് ഈ ദിനം ആചരിക്കുന്നത്. ബൈബിളിൽ ഈ ദിനം മാത്രമാണ് ആചരിക്കണമെന്ന് വിശ്വാസികളോട് നിർദേശിക്കുന്നതെന്നും യഹോവയുടെ സാക്ഷികൾ അവകാശപ്പെടുന്നു.

പരമ്പരാഗത ആരാധനാസമ്പ്രദായങ്ങളോ, പ്രത്യേക സംസാരവിധമോ, ഉപവാസമോ ഒന്നും അവർ നടത്തുന്നില്ല. സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികളെ ‘സഹോദരൻ’ അല്ലെങ്കിൽ ‘സഹോദരി’ എന്ന് അഭിസംബോധന ചെയ്യുകയും വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു. യേശു ദൈവമല്ല എന്ന് വിശ്വസിക്കുന്ന മതവിഭാഗമാണ്‌ യഹോവയുടെ സാക്ഷികൾ. 

യഹോവ മാത്രമാണ് ഏകദൈവം എന്ന് ഇവർ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവ പുത്രൻ മാത്രമാണെന്നും ഏക സത്യദൈവം യഹോവയാണെന്നും ഉള്ള ഇവരുടെ വിശ്വാസത്തോട് ചില വിശ്വാസധാരയിലെ ബൈബിൾ പണ്ഡിതൻമാരും യോജിക്കുന്നു. ‘ലോകത്തിന്റെ മോശമായ സ്വാധീനങ്ങളിൽ’ പെട്ടുപോകാതിരിക്കാൻ കൂടുതൽ ആളുകൾ തങ്ങളുടെ വിശ്വാസധാരയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു.

എല്ലാ ഞായറാഴ്ചകളിലും ഒരു പ്രദേശത്തെ യഹോവയുടെ സാക്ഷികൾ ഒരുമിച്ച് യോഗം ചേരാറുണ്ട്. എല്ലാ വർഷവും നടത്തുന്ന കൺവൻഷനുകളിലും നിരവധി വിശ്വാസികൾ പങ്കെടുക്കാറുണ്ട്. 

യഹോവയുടെ സാക്ഷികൾ ആരാധനക്കായി കൂടിവരുന്ന സ്ഥലങ്ങളെ രാജ്യഹാൾ എന്നാണ് വിളിക്കുന്നത്. രാജ്യഹാളിൽ പൊതുജനങ്ങളെയും അവർ സ്വാഗതം ചെയ്യുന്നു. ഒരോ രാജ്യഹാളുകളും അവർക്ക് വീതിച്ച് കൊടുത്തിട്ടുള്ള പ്രദേശത്തിൽ പ്രവർത്തിക്കുന്നു. ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾക്ക് ഒരുലക്ഷത്തിൽ പരം രാജ്യഹാളുകൾ ഉണ്ട്. ആരാധനയുടെ ഭുരിഭാഗവും ബൈബിളും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിനുള്ളതാണ്. 

English Summary:

Worship, Discipline, Moral Values and More; How Jehovah Community is Different from Other Religious Groups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com