ADVERTISEMENT

ന്യൂഡൽഹി∙ വായുമലിനീകരണത്തിൽ പൊറുതിമുട്ടി രാജ്യതലസ്ഥാനം. ഈ വർഷത്തെ ഏറ്റവും ഉയർന്ന മലിനീകരണമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വായുമലിനീകരണം ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഡൽഹി. മലിനവായു ശ്വസിക്കുന്നതുമൂലം ഡൽഹിയിൽ താമസിക്കുന്നവരുടെ ആയുസ്സ് 10 വയസ്സുവരെ കുറയുന്നുവെന്ന് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ എനർജി പോളിസി ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

മലിനീകരണം മൂലം പൊറുതിമുട്ടുന്ന ഡൽഹിയിലെ ലക്ഷ്മി നഗർ മേഖലയിൽനിന്നുള്ള കാഴ്ച. 2022 നവംബർ 3ലെ ചിത്രം.  (Photo: Qamar Sibtain/IANS)
മലിനീകരണം മൂലം പൊറുതിമുട്ടുന്ന ഡൽഹിയിലെ ലക്ഷ്മി നഗർ മേഖലയിൽനിന്നുള്ള കാഴ്ച. 2022 നവംബർ 3ലെ ചിത്രം. (Photo: Qamar Sibtain/IANS)

2013നുശേഷം ഏറ്റവും രൂക്ഷമായ മലിനീകരണമാണ് ഈ വർഷം അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരുമെന്നാണു കരുതുന്നത്. പൊടി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർമാണ പ്രവർത്തനങ്ങളിലുൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 346ൽനിന്ന് 500 ആയി ഉയർന്നു. എക്യുഐ 60ന് മുകളിൽ എത്തുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നതാണു വായു മലിനമാകാൻ പ്രധാന കാരണം. മലിനീകരണം കുറയ്ക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നാണ് ഇപ്പോത്തെ സാഹചര്യം വ്യക്തമാക്കുന്നത്.  

aqi

അതേസമയം, പ‍ഞ്ചാബ്, ഹരിയാന, തലസ്ഥാനത്തോടു ചേർന്നുള്ള രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞുവെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 29 വരെ 13,964 തവണ കത്തിച്ചതായാണ് കണക്ക്. 2022ൽ ഇതേസമയം 6,391 തവണ വൈക്കോൽ കത്തിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.  

എന്നാൽ, പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് വൻതോതിൽ വർധിച്ചുവെന്നാണ് പുറത്തുവരുന്ന മറ്റു റിപ്പോർട്ടുകൾ. 740 ശതമാനം വർധനവുണ്ടായതായാണ് കണക്ക്. ഞായറാഴ്ച മാത്രം 1,068 സ്ഥലത്ത് തീ കത്തിച്ചതായി നാസയുടെ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 127 ഇടത്താണ് തീ കത്തിയതായി റിപ്പോർട്ട്  ചെയ്തത്. 

മലിനീകരണം മൂലം പൊറുതിമുട്ടുന്ന ഡൽഹിയിലെ കാഴ്ച. 2022 നവംബർ 3ലെ ചിത്രം. (Photo: Wasim Sarvar/IANS)
മലിനീകരണം മൂലം പൊറുതിമുട്ടുന്ന ഡൽഹിയിലെ കാഴ്ച. 2022 നവംബർ 3ലെ ചിത്രം. (Photo: Wasim Sarvar/IANS)

മലിനീകരണവും ശൈത്യത്തിന്‍റെ ഭാഗമായ പ്രതികൂല കാലാവസ്ഥയും മൂലം അന്തരീക്ഷം വളരെ മോശം അവസ്ഥയിലേക്കു കൂപ്പുകുത്തി. ഡല്‍ഹി സര്‍ക്കാര്‍ അയല്‍ സംസ്ഥാനങ്ങളുടെ അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. സമീപ സംസ്ഥാനങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിച്ചതും കാറ്റിന്റെ വേഗത കുറഞ്ഞതും സ്ഥിതി സങ്കീര്‍ണമാക്കുകയാണ്.

Delhi Air Pollution | Photo: Rahul R Pattom, Manorama

അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മാറ്റർ 2.5 (പിഎം 2.5) കാരണം കഴിഞ്ഞ വർഷം ഡൽഹിയിൽ 54,000 പേർ മരിച്ചുവെന്നു പഠനം പുറത്തുവന്നിരുന്നു. ഗ്രീൻപീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ‘ഐക്യു എയർ ഡേറ്റ’ റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകൾ. ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന പരിധിക്കും ആറിരട്ടി വരെ മുകളിലായിരുന്നു കഴി‍ഞ്ഞ വർഷം ഡൽഹിയിലെ വായു മലിനീകരണം. കഴിഞ്ഞ വർഷത്തേക്കാൾ മോശമായ സാഹചര്യത്തിലേക്കാണ് ഈ വർഷം നീങ്ങുന്നത്. 

കനത്ത മലിനീകരണത്തിനിടെ യമുന നദിക്കു മുകളിൽ പുലർച്ചെ പറക്കുന്ന ദേശാടനക്കിളികൾ. 2021 ഡിസംബർ 23ലെ ചിത്രം.  (Photo: IANS/Wasim Sarvar)
കനത്ത മലിനീകരണത്തിനിടെ യമുന നദിക്കു മുകളിൽ പുലർച്ചെ പറക്കുന്ന ദേശാടനക്കിളികൾ. 2021 ഡിസംബർ 23ലെ ചിത്രം. (Photo: IANS/Wasim Sarvar)
English Summary:

Air quality worsens in New Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com