ADVERTISEMENT

കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ആഴത്തിൽ വേദനയുണ്ടെന്നു യഹോവയുടെ സാക്ഷികൾ സഭ ദേശീയ വക്താവ് ജോഷുവ ഡേവിഡ്. ‘‘കേരളത്തിലെ സമാധാനാന്തരീക്ഷത്തിനു നേരെ നടന്ന ക്രൂരമായ ആക്രമണമാണിത്. ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഞങ്ങളുടെ ആരാധനാ സ്ഥലങ്ങൾക്കു സംരക്ഷണം നൽകുകയും ചെയ്യുന്ന അധികാരികളോടു നന്ദിയുണ്ട്. ദുഃഖകരമായ ഈ സാഹചര്യത്തിൽ, ദുഷ്ടത ഇനി ഒരിക്കലും ഉണ്ടാകില്ലാത്ത മനോഹരമായ ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം ഞങ്ങളെ ആശ്വസിപ്പിക്കുന്നു’’– അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

ജോഷുവ ഡേവിഡിന്റെ പ്രസ്താവനയിൽനിന്ന്:

കേരളത്തിലുള്ള സമാധാന അന്തരീക്ഷത്തിനു നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ യഹോവയുടെ സാക്ഷികൾക്ക് ആഴമായ വേദനയുണ്ട്. 2023 ഒക്ടോബർ 29ന് യഹോവയുടെ സാക്ഷികളുടെ വാർഷിക മേഖലാ കൺവെൻഷനിൽ രണ്ടു തവണ ബോംബ് സ്ഫോടനമുണ്ടായി. സങ്കടകരമായ കാര്യം, കൂടിവന്നവരിൽ 3 പേർ കൊല്ലപ്പെടുകയും ഏകദേശം 59 പേർക്കു പരുക്ക് പറ്റുകയും ചെയ്തു എന്നതാണ്. കുടുംബങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ 2,200-ലധികം ആളുകൾ കൺവെൻഷന് ഹാജരായിരുന്നു.

InfoCardWeb

ബൈബിളിനെക്കുറിച്ചുള്ള സൗജന്യ വിദ്യാഭ്യാസത്തിൽനിന്ന് പ്രയോജനം നേടാനാണ് എല്ലാവരും അവിടെ കൂടിവന്നത്. ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഞങ്ങളുടെ ആരാധനാ സ്ഥലങ്ങൾക്കു സംരക്ഷണം നൽകുകയും ചെയ്യുന്ന അധികാരികളോടു യഹോവയുടെ സാക്ഷികൾക്കു വളരെയധികം നന്ദിയുണ്ട്. ഈ സമയത്ത് കുറ്റവാളികളെക്കുറിച്ചോ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചോ ഊഹാപോഹങ്ങൾ നടത്തുന്നത് ഉചിതമാണെന്നു ഞങ്ങൾക്കു തോന്നുന്നില്ല.

സംഭവസ്ഥലത്ത് പെട്ടെന്നുതന്നെ എത്തി ആവശ്യമായ സഹായം നൽകിയ അടിയന്തര മെഡിക്കൽ ഉദ്യോഗസ്ഥരോടും ഗുരുതരമായി പരുക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപ്രതി ജിവനക്കാരോടും നന്ദിയുണ്ട്. ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ വേദനാകരമായ ഈ സംഭവത്തിന് ഇരയായവരെ ഓർത്ത് വേദനിക്കുകയും ഇരയായവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. ദുഃഖകരമായ ഈ സാഹചര്യത്തിൽ, ദുഷ്ടത ഇനി ഒരിക്കലും ഉണ്ടാകില്ലാത്ത മനോഹരമായ ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം ഞങ്ങളെ ആശ്വസിപ്പിക്കുന്നു.

കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തെ തുടര്‍ന്നു പുറത്തിറങ്ങി റോഡരികില്‍ നില്‍ക്കുന്നവര്‍.
കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തെ തുടര്‍ന്നു പുറത്തിറങ്ങി റോഡരികില്‍ നില്‍ക്കുന്നവര്‍.
English Summary:

Jehovah's Witnesses are deeply hurt by the brutal attack on the peaceful atmosphere in Kerala, said Joshua David, National Spokesperson of the Church about Kalamassery Blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com