ADVERTISEMENT

കൊച്ചി∙ കളമശേരിയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കി ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്രതി ഡൊമിനിക് മാർട്ടിൻ നിർമിച്ചത് വീടിന്റെ ടെറസിൽ. ഇന്റര്‍നെറ്റ് നോക്കിയാണ് ബോംബ് നിർമിക്കാൻ പഠിച്ചതെന്നും ഇയാൾ പൊലീസിനു മൊഴി നല്‍കി. ഡൊമിനികിന്‍റെ യുട്യൂബ് ലോഗിന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്.

ഇന്നലെയാണ് ആലുവയ്ക്കടുത്തുള്ള തറവാട്ടു വീട്ടിൽ ഡൊമിനിക് മാർട്ടിൻ എത്തിയത്. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലെ കൺവൻഷൻ സെന്ററിലേക്കു പോയി. രാവിലെ ഏഴു മണിയോടെ കസേരയുടെ അടിയിൽ ബോംബു വച്ചു. ആ സമയം ഹാളിൽ ഉണ്ടായിരുന്നത് മൂന്നു പേർ മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു.

ബോംബ് വച്ചത് ടിഫിന്‍ ബോക്സിലല്ലെന്നും ആറു പ്ലാസ്റ്റിക് കവറുകളിലായി ആറിടത്താണ് സ്ഥാപിച്ചെന്നും ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നല്‍കി. പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലീറ്റർ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയില്‍നിന്നാണെന്നും പ്രതി മൊഴി നല്‍കി.

കടവന്ത്ര സ്വദേശിയെന്നാണു മാർട്ടിൻ സ്വയം പൊലീസിനു പരിചയപ്പെടുത്തിയത്. എന്നാൽ 6 വർഷമായി കുടുംബത്തിനൊപ്പം തമ്മനത്തു വാടകയ്ക്കു താമസിക്കുകയാണെന്നു പിന്നീടു വ്യക്തമാക്കി. തമ്മനത്തെ വാടകവീട് കേന്ദ്ര ഏജൻസികളും കേരള പൊലീസും അരിച്ചുപെറുക്കിയപ്പോഴാണ് ഒരു വർഷം മുൻപു വരെ വിദേശത്തു ജോലിചെയ്തിരുന്ന വിവരം ലഭിച്ചത്.

പുലർച്ചെ 5ന് വീട്ടിൽനിന്ന് ഇറങ്ങിയ ഡൊമിനിക് സ്ഫോടക വസ്തുക്കൾ സഹിതം കളമശേരിയിലെ കൺവൻഷൻ സെന്ററിലെത്തി. 8 മണിക്കു ശേഷം 2 തവണ ഹാളിൽ കയറിയിറങ്ങി. അതുവരെയുള്ള തന്റെ മുഴുവൻ നീക്കങ്ങളും ഡൊമിനിക് സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വർഷങ്ങൾക്കു മുൻപു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാർട്ടിൻ സഭയിൽ നിന്നകന്നു. യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് കൃത്യം ചെയ്യാൻ കാരണമെന്നു  മാർട്ടിൻ വിഡിയോയിൽ പറഞ്ഞു.

English Summary:

Kalamassery Blast: Culprit Dominic Martin Made Bomb at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com