ഹാളിൽ പ്രതിയുടെ ഭാര്യാമാതാവും, എങ്കിലും പിന്മാറിയില്ലെന്ന് മൊഴി; 2 മാസത്തെ തയാറെടുപ്പെന്ന് പൊലീസ്
Mail This Article
കൊച്ചി∙ കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ ബന്ധുക്കളും കൺവൻഷനിൽ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തൽ. ഡൊമിനിക്കിന്റെ ഭാര്യാ മാതാവും മറ്റു ബന്ധുക്കളുമാണ് കൺവൻഷനെത്തിയത്. സ്ഫോടനം നടന്ന ഹാളിന്റെ പിൻവശത്താണ് ഇവർ ഇരുന്നിരുന്നത്. ഭാര്യാമാതാവ് എത്തിയെങ്കിലും ദൗത്യത്തില്‍നിന്നു പിൻമാറിയില്ലെന്നും ഭാര്യാമാതാവിന് പൊള്ളലേറ്റില്ലെന്നും പ്രതി മൊഴി നല്‍കി. ഡൊമിനിക് മാർട്ടിൻ എത്തിയത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
കളമശേരിയില്‍ യഹോവ സാക്ഷികളുടെ യോഗത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ സ്ഫോടനം നടത്തിയത് രണ്ടുമാസത്തെ തയാറെടുപ്പിനു ശേഷമാണെന്ന് പൊലീസ് പറഞ്ഞു. യോഗത്തിന്റെ തീയതി അറിഞ്ഞാണ് പ്രതി ദുബായില്‍ നിന്നു വന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഇയാൾ അത്താണിയിലെ വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇയാളെ ഈ ദിവസങ്ങളിൽ കണ്ടതായി നാട്ടുകാർ പറയുന്നു
ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഒറ്റയ്ക്കാണെന്ന് പൊലീസ് പറഞ്ഞു. മറ്റാരുടെയും സഹായം ലഭിച്ചതിനു തെളിവില്ല. യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കെതിരെ ഇയാൾ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സ്ഫോടനം നടത്തുന്നതിനായി നാലു റിമോട്ടുകളാണ് ഡൊമിനിക് വാങ്ങിയത്. രണ്ടു റിമോട്ടുകള്‍ ഉപയോഗിച്ചു. പെട്രോള്‍ ശേഖരിച്ചത് ഏഴു തവണയായിട്ടാണ്.
ഞായറാഴ്ച രാവിലെ ഏഴു മണിക്ക് കസേരകള്‍ക്കടിയില്‍ ബോംബ് വച്ചു. ബോംബിലെ ബാറ്ററി ഓണാക്കിയത് രാവിലെ 8.30ന്. ബാറ്ററി ഒന്നരമണിക്കൂർ മാത്രം ചാർജ് നിൽക്കുന്നവയായിരുന്നു. 8.30ന് റിമോട്ട് വച്ച ബാഗിനടുത്തുവന്ന് നിന്നു. 9.30നു സ്ഫോടനം നടത്തി. മൂവായിരം രൂപയാണ് ബോംബ് നിര്‍മിക്കാന്‍ ചെലവായത്. ഗുണ്ടും പെട്രോളും വാങ്ങാനാണ് പ്രതി കൂടുതല്‍ പണം ചെലവിട്ടത്. ഇലക്ട്രിക് ഡിറ്റൊണേറ്റർ സ്വയം നിർമിച്ചെന്നും പ്രതി ഡൊമിനിക് മാർട്ടിൻ മൊഴി നല്‍കി.
സ്ഫോടന ശേഷം ഡൊമിനിക് കൊരട്ടിയിലെ ലോഡ്ജിലെത്തി. രാവിലെ 10.45നാണ് കൊരട്ടി മിറാക്കിൾ റെസിഡൻസിയിൽ എത്തിയത്. ഇവിടെവച്ചാണ് ഫെയ്‌സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതിനുശേഷം കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റസമ്മത മൊഴി ചിത്രീകരിച്ച കൊരട്ടിയിലെ ലോഡ്ജില്‍ അന്വേഷണസംഘം പരിശോധന നടത്തും.
പ്രതി ഡൊമിനിക് തന്നെയെന്ന് ഉറപ്പിച്ചതു ബോംബ് പൊട്ടിക്കാനുപയോഗിച്ച റിമോട്ടിന്റെ ചിത്രം ഫോണിൽ കാട്ടിക്കൊടുത്തപ്പോഴാണ്. യുട്യൂബിൽ നോക്കി പഠിച്ച് ബോംബ് സ്വയം നിർമിക്കുകയായിരുന്നുവെന്നാണ് മൊഴി. മുൻപ് ‘യഹോവയുടെ സാക്ഷികൾ’ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഡൊമിനിക് ഒരുവർഷം മുൻപുവരെ വിദേശത്തായിരുന്നു. കുടുംബം 6 വർഷമായി തമ്മനത്താണ് താമസം.
എഡിജിപി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ 21 അംഗ പ്രത്യേക ന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഭീകരവിരുദ്ധനിയമം, സ്ഫോടകവസ്തുനിയമം തുടങ്ങിയവ പ്രകാരമാണു കേസ്. അന്വേഷണം എൻഐഎ ഏറ്റെടുക്കും.