ഡൊമിനിക്കിന്റെ ‘പ്ലാനിങ്’ വിദേശത്ത്; സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരിൽനിന്ന് വിവരങ്ങൾ തേടി
Mail This Article
കൊച്ചി ∙ കളമശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ വിദേശത്ത് ജോലി ചെയ്യുമ്പോൾതന്നെ ബോംബ് നിർമാണത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ബോംബ് നിർമാണത്തെക്കുറിച്ച് മനസ്സിലാക്കാൻ അമ്പതിലധികം തവണ ഇയാൾ ഇന്റർനെറ്റിൽ പരതിയതായാണ് പൊലീസ് പറയുന്നത്. ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗവുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന മാർട്ടിൻ വർഷങ്ങളായി പ്രതികാര മനോഭാവം സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു. വിശ്വാസപരമായ എതിർപ്പാണോ കൃത്യത്തിന് പ്രേരിപ്പിച്ചത് അതോ വ്യക്തിപരമായ വിദ്വേഷം ഉണ്ടോ എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്.
മാർട്ടിൻ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചത് എന്നാണ് ഇതുവരെയുള്ള സൂചനയെങ്കിലും പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസും കേന്ദ്ര ഏജൻസികളും പരിശോധിച്ച് വരുന്നു. വിദേശത്തായിരുന്നപ്പോൾ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരിൽനിന്ന് ഇയാൾ വിവരങ്ങൾ തേടിയിരുന്നു. വിദേശത്തായിരുന്നപ്പോഴും യഹോവ സാക്ഷികളുടെ യോഗത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി. വിദേശത്ത് വച്ച് പദ്ധതി തയാറാക്കിയാണ് നാട്ടിലേക്ക് എത്തുന്നത്. ബോംബ് നിർമിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽനിന്നും വാങ്ങി. പല പമ്പുകളിൽ നിന്നായി പെട്രോൾ വാങ്ങി ശേഖരിച്ചു.
ബോംബ് നിർമാണത്തിനായി നാടൻ പടക്കത്തിൽ നിന്നുള്ള കരിമരുന്നും ഉപയോഗിച്ചു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് സ്ഫോടക വസ്തു ഹാളിനുള്ളിലേക്ക് കയറ്റിയത്. തൊട്ടടുത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന സ്ഫോടനത്തെയാണ് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്ഫോടനം എന്ന് പറയുന്നത്. തീവ്രവാദ സംഘങ്ങളും കലാപകാരികളും ഒക്കെയാണ് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താറുള്ളത്. പൈപ്പുകളിലും പാത്രങ്ങളിലും പെട്ടികളിലും വാഹനങ്ങളിലും സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച് ആക്രമണം നടത്താറുണ്ട്. ഇന്ത്യയിൽ മാവോയിസ്റ്റ് ഗ്രൂപ്പുകളാണ് ഐഇഡി സ്ഫോടനങ്ങൾ കൂടുതലും നടത്തിയിരുന്നത്.