കളമശേരി സ്ഫോടനം: വിദ്വേഷ പ്രചാരണത്തിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെ കേസ്
Mail This Article
പത്തനംതിട്ട∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്ഡിപിഐ ജില്ലാ നേതൃത്വം കോഴഞ്ചേരി സ്വദേശിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. റിവ തോലൂർ ഫിലിപ്പ് എന്നു പേരുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണു എസ്ഡിപിഐയാണു കളമശേരി ബോംബ് സ്ഫോടനത്തിനു പിന്നിലെന്ന തരത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പരാതിയുമായി രംഗത്തുവന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്. പ്രൊഫൈല്‍ നിരീക്ഷിച്ചുവരികയാണെന്നും ഉടമയേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും പൊലീസ് വ്യക്തമാക്കി.