ADVERTISEMENT

കൊച്ചി ∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നല്ല രീതിയിലാണു മുന്നോട്ടു പോകുന്നതെന്നും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിൻ പറഞ്ഞതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നു പൊലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരുക്കേറ്റവർക്ക് ആശുപത്രിയിൽ നല്ല രീതിയിലുള്ള ചികിത്സയാണു നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ചെലവുകൾ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഫോടനം നടന്ന കളമശേരി സംറ കൺവൻഷൻ സെന്ററും പരുക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി. കേന്ദ്രമന്ത്രി വമിപ്പിക്കുന്നതു വിഷമല്ല, കൊടും വിഷമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല, ഒരു വിടുവായൻ പറയുന്നതു പോലെയാണു രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണു രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കൂട്ടാളികളും നടത്തുന്നത്. അവർ അത്തരം പ്രത്യേക മാനസികാവസ്ഥയിലാണെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ ബോംബ് പൊട്ടുമ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയ പരിപാടിയിലായിരുന്നുവെന്നാണ് രാജീവ് ചന്ദ്രശഖറിന്റെ ആരോപണം. ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങിൽ പങ്കെടുപ്പിച്ചു. കേരളത്തിൽ തീവ്രവാദം കൂടുമ്പോൾ കണ്ടില്ലെന്നു നടിക്കുന്നു. സാമുദായിക പ്രീണനം തീവ്രവാദത്തെ വളർത്തുമെന്ന് ഓർക്കണം. മുൻകാലത്തു കോൺഗ്രസും ഇതേ പ്രീണനനയമാണു സ്വീകരിച്ചത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ സംസ്ഥാനം കൂടെ നിൽക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

പരാജയം മറയ്ക്കാനാണു പിണറായി എന്നെ വർഗീയവാദിയെന്നു വിളിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻവിധിയോടെ പൊലീസ് അന്വേഷണം നടത്തരുത്, അന്വേഷണം സുതാര്യമാകണം. എന്നെ വർഗീയവാദിയെന്നു വിളിക്കുന്ന മുഖ്യമന്ത്രി നുണയനാണ്. കഴിവുകേടും അഴിമതിയും മറയ്ക്കാൻ അദ്ദേഹം ദുരാരോപണം നടത്തുന്നു. ജനങ്ങളെ സംരക്ഷിക്കാനാവുന്നില്ലെങ്കിൽ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കളമശേരിയിലുണ്ടായ സ്ഫോടനങ്ങളിൽ മൂന്നുപേരാണു മരിച്ചത്. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്.

English Summary:

Pinarayi Vijayan visit Kalamassery convention center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com