സമൂഹമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം; റിവ തോളൂർ ഫിലിപ്പ് അറസ്റ്റിൽ
Mail This Article
പത്തനംതിട്ട∙ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയ കോഴഞ്ചേരി സ്വദേശി റിവ തോളൂർ ഫിലിപ്പിനെ പത്തനംതിട്ട പൊലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ ജില്ലാ നേതൃത്വമാണു ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. എസ്ഡിപിഐയാണു കളമശേരി ബോംബ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു പോസ്റ്റ്.
എന്നാൽ പൊലീസ് കേസെടുത്തതിനു പിന്നാലെ പെട്ടെന്നുണ്ടായ വികാര വിക്ഷോഭം മൂലം പോസ്റ്റിട്ടതാണെന്നും മാർട്ടിനാണ് സ്ഫോടനത്തിനു പിന്നിലെന്ന് അറിഞ്ഞപ്പോൾ പോസ്റ്റ് നീക്കം ചെയ്തുവെന്നും വിശദീകരിച്ച് ഇയാൾ ഫെയ്സ്ബുക്കിൽ വീണ്ടും കുറിപ്പിട്ടിരുന്നു. മത സ്പർദ്ധ പരത്താനുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും എല്ലാവരോടും മാപ്പു ചോദിക്കുന്നതായും റിവ ഫിലിപ്പ് കുറിപ്പിൽ പറയുന്നു.
അതേസമയം, കളമശ്ശേരി സ്ഫോടനത്തോടനുബന്ധിച്ച് വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് വിവിധ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ന്യൂസ് 18 കൺസൾടിങ് എഡിറ്റർ രാഹുൽ ശിവശങ്കർ, ബിജെപി നേതാവ് സന്ദീപ് വാരിയർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു, യൂട്യൂബ് ചാനലുകളായ മറുനാടൻ മലയാളി, കർമ ന്യൂസ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയത്.