ADVERTISEMENT

തൃശൂർ ∙ ‘സർ, ഞാൻ ഡൊമിനിക് മാർട്ടിൻ. കൊച്ചിയിൽനിന്നാണു വരുന്നത്. കളമശേരിയിൽ സ്ഫോടനം നടത്തിയതു ഞാനാണ്’– കൊടകര പൊലീസ് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയെത്തി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയതിങ്ങനെ. തമാശയാണെന്നു കരുതി ഉദ്യോഗസ്ഥൻ വീണ്ടും ചോദിച്ചു.

InfoCardWeb

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഡൊമിനിക് തറപ്പിച്ചുപറഞ്ഞു. ഉടൻ പൊലീസ് ഇയാളെ സ്റ്റേഷനുള്ളിലേക്കു മാറ്റി; മറ്റെല്ലാവരെയും അവിടെനിന്ന് ഒഴിപ്പിച്ചശേഷം മുൻവാതിൽ അടച്ചുപൂട്ടി. ദേശീയപാതയിൽ നിന്ന് ഏറെ ദൂരെയല്ലാത്ത കൊടകര സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിലാണ് ഡൊമിനിക് എത്തിയത്. മറ്റു പരാതിക്കാരുടെ തിരക്കൊഴിയുന്നതുവരെ കാത്തുനിന്നശേഷമാണ് വെളിപ്പെടുത്തൽ നടത്തിയത്.

General KTM-Kottayam-Manorama-Fourth-A-30102023-1a.sla

കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കുറ്റസമ്മതവുമായി കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചിരുന്നു. കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതിനു മുൻപാണു സ്വയം വിഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് കൃത്യം ചെയ്യാൻ കാരണമെന്നു വിഡിയോയിൽ പറയുന്നു. വിഡിയോ പിന്നീടു പൊലീസ് നീക്കം ചെയ്തു.

വിഡിയോയുടെ ചുരുക്കം: എന്റെ പേര് മാർട്ടിൻ. യഹോവയുടെ സാക്ഷികൾ നടത്തിയിരുന്ന കൺവൻഷനിൽ ബോംബ് സ്ഫോടനം ഉണ്ടാകുകയും ഗുരുതരമായ പ്രത്യാഘാതം സംഭവിക്കുകയും ചെയ്തു. ഞാനാണ് ആ ബോംബ് സ്ഫോടനം അവിടെ നടത്തിയത്. 16 വർഷത്തോളം ഈ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണു ഞാൻ. 6 വർഷം മുൻപ് ഇതു വളരെ തെറ്റായ ഒരു പ്രസ്ഥാനമാണെന്നു മനസ്സിലായി. അതു തെറ്റാണെന്ന് അവരോടു പറയുകയും ചെയ്തിരുന്നു. എന്നാൽ അവർ ഇതൊന്നും കേൾക്കാൻ തയാറായില്ല.

കളമശേരിയിൽ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിലുണ്ടായിരുന്ന വിശ്വാസികളെ സ്വകാര്യ ബസുകളിൽ അവിടെ നിന്ന് മാറ്റുന്നു                         ചിത്രം: മനോരമ
കളമശേരിയിൽ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിലുണ്ടായിരുന്ന വിശ്വാസികളെ സ്വകാര്യ ബസുകളിൽ അവിടെ നിന്ന് മാറ്റുന്നു ചിത്രം: മനോരമ

എനിക്കൊരു പോംവഴിയും കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാണ്. എങ്ങനെയാണ് ഈ സ്ഫോടനം നടന്നതെന്നു നിങ്ങൾ ടെലികാസ്റ്റ് ചെയ്യരുത്. അതു വളരെ അപകടകരമാണ്. സാധാരണക്കാരനിലേക്ക് എത്തിപ്പെട്ടാൽ വലിയ അപകടം സംഭവിക്കും.

മൊബൈലിൽ റിമോട്ടിന്റെ ചിത്രം

ഡൊമിനിക് മാർട്ടിൻ മാധ്യമശ്രദ്ധയ്ക്കു വേണ്ടിയോ മാനസിക അസ്വാസ്ഥ്യം മൂലമോ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കാമെന്നാണു പൊലീസ് ആദ്യം കരുതിയത്. എന്നാൽ, ഡൊമിനിക്കിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ രാവിലെ കൊച്ചിയിലുണ്ടായിരുന്നു എന്നു വ്യക്തമായി. കൊടകര സ്റ്റേഷനിൽനിന്നു റൂറൽ എസ്പി ഓഫിസിലേക്കു വിവരം കൈമാറിയപ്പോഴേക്കും പൊലീസ് സംവിധാനം മൊത്തത്തിൽ ജാഗ്രതയിലായി. വിവരമറിഞ്ഞു സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരടക്കമുള്ളവരോടു പ്രതികരിക്കരുതെന്നു കർശന നിർദേശമെത്തി.

കളമശേരിയിൽ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിൽനിന്ന് ഓടി രക്ഷപ്പെട്ടവർ പുറത്ത് ആശങ്കയോടെ കൂടിനിൽക്കുന്നു. പലരുടെയും ബാഗും പഴ്സും
ഉൾപ്പെടെയുള്ള സാധനങ്ങൾ ഹാളിനുള്ളിലായിരുന്നു
കളമശേരിയിൽ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിൽനിന്ന് ഓടി രക്ഷപ്പെട്ടവർ പുറത്ത് ആശങ്കയോടെ കൂടിനിൽക്കുന്നു. പലരുടെയും ബാഗും പഴ്സും ഉൾപ്പെടെയുള്ള സാധനങ്ങൾ ഹാളിനുള്ളിലായിരുന്നു
zamra-kalamassery-main-7

ഡൊമിനിക്കിനെ കൊടകര സ്റ്റേഷനിൽനിന്നു കനത്ത സുരക്ഷയോടെ ആദ്യം രാമവർമപുരം പൊലീസ് അക്കാദമിയിലെ ഗെസ്റ്റ് ഹൗസിലേക്കാണു കൊണ്ടുപോയത്. ഡിഐജി അജീതാ ബീഗത്തിന്റെയും റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെയും നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ ബോംബു പൊട്ടിക്കാനുപയോഗിച്ച റിമോട്ടിന്റെ ചിത്രം ഡൊമിനിക് ഫോണിൽ കാണിച്ചുകൊടുത്തു. പറയുന്നതു സത്യമാണോ എന്ന സംശയം നീങ്ങിയില്ലെങ്കിലും എഡിജിപിയുടെ നിർദേശപ്രകാരം വൻ സായുധ സന്നാഹത്തിന്റെ അകമ്പടിയോടെ വൈകിട്ടു 4ന് കളമശേരി പൊലീസ് ക്യാംപിലേക്കു കൊണ്ടുപോയി. പ്രതി ഡൊമിനിക് ഒരുവർഷം മുൻപുവരെ വിദേശത്തായിരുന്നു. കുടുംബം 6 വർഷമായി തമ്മനത്താണ് താമസം. 

∙ സ്ഫോടനങ്ങളിൽ 3 മരണം

കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങളിൽ 3 മരണം. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു. മരിച്ചവരിലൊരാൾ ലെയോണയാണെന്നു രാത്രി വൈകിയാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 90% പൊള്ളലേറ്റ് എറണാകുള‌ം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ലിബിന പുലർച്ചെ ഒന്നോടെയാണു മരിച്ചത്.

സ്ഫോടനത്തെത്തുടര്‍ന്ന് പൊലീസ് കൺവൻഷൻ സെന്ററിൽ പരിശോധനയ്ക്ക് എത്തിയപ്പോള്‍.
സ്ഫോടനത്തെത്തുടര്‍ന്ന് പൊലീസ് കൺവൻഷൻ സെന്ററിൽ പരിശോധനയ്ക്ക് എത്തിയപ്പോള്‍.
സ്ഫോടന വാർത്തയെത്തുടർന്ന് കളമശ്ശേരി സമ്ര കൺവൻഷൻ സെന്ററിൽ തടിച്ചുകൂടിയവർ  (ചിത്രം: മനോരമ)
സ്ഫോടന വാർത്തയെത്തുടർന്ന് കളമശ്ശേരി സമ്ര കൺവൻഷൻ സെന്ററിൽ തടിച്ചുകൂടിയവർ (ചിത്രം: മനോരമ)
കളമശ്ശേരിയിൽ സ്ഫോടനം നടന്ന സമ്ര കൺവൻഷൻ സെന്ററിനു മുന്നിൽനിന്നുള്ള ദൃശ്യം ∙ മനോരമ
കളമശ്ശേരിയിൽ സ്ഫോടനം നടന്ന സമ്ര കൺവൻഷൻ സെന്ററിനു മുന്നിൽനിന്നുള്ള ദൃശ്യം ∙ മനോരമ
zamra-kalamassery-main-6

എഡിജിപി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ 21 അംഗ പ്രത്യേക ന്വേഷണസംഘം രൂപീകരിച്ചു. ഭീകരവിരുദ്ധനിയമം, സ്ഫോടകവസ്തുനിയമം തുടങ്ങിയവ പ്രകാരമാണു കേസ്. അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു 10ന് സെക്രട്ടേറിയറ്റിൽ സർവകക്ഷി യോഗം ചേരും. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തിയാൽ കർശന നടപടിയുണ്ടാകുമെന്നു സംസ്ഥാന ഡിജിപി എസ്. ദർവേഷ് സാഹിബ് വ്യക്തമാക്കി. ഇത്തരം അക്കൗണ്ടുകൾ കണ്ടെത്താൻ നിരീക്ഷണം 24 മണിക്കൂറുമുണ്ടാകും.

കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തെ തുടര്‍ന്നു പുറത്തിറങ്ങി റോഡരികില്‍ നില്‍ക്കുന്നവര്‍.
കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തെ തുടര്‍ന്നു പുറത്തിറങ്ങി റോഡരികില്‍ നില്‍ക്കുന്നവര്‍.
English Summary:

‘Sir, I am Dominic Martin. Coming from Kochi. I am the one who did the blast in Kalamasery' - this is how Dominic Martin surrendered in front of the officer who was on GD duty at the Thrissur Kodakara police station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com