ADVERTISEMENT

കൊച്ചി ∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനു ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ‘ഞാൻ വർഗീയവാദി ആണെന്ന തരത്തിലാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും പിണറായി വിജയൻ നുണയനാണെന്നും’ കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.

കളമശേരിയിൽ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിൽനിന്ന് ഓടി രക്ഷപ്പെട്ടവർ പുറത്ത് ആശങ്കയോടെ കൂടിനിൽക്കുന്നു. പലരുടെയും ബാഗും പഴ്സും
ഉൾപ്പെടെയുള്ള സാധനങ്ങൾ ഹാളിനുള്ളിലായിരുന്നു
കളമശേരിയിൽ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിൽനിന്ന് ഓടി രക്ഷപ്പെട്ടവർ പുറത്ത് ആശങ്കയോടെ കൂടിനിൽക്കുന്നു. പലരുടെയും ബാഗും പഴ്സും ഉൾപ്പെടെയുള്ള സാധനങ്ങൾ ഹാളിനുള്ളിലായിരുന്നു

‘‘കളമശേരി സ്ഫോടനം ദുരന്തപൂർണമായ സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനു മറുപടിയായി ഞാൻ വർഗീയവാദി ആണെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഒരു സമുദായത്തെപ്പറ്റിയും ഞാൻ പറഞ്ഞിട്ടില്ല. ഹമാസിനെപ്പറ്റിയാണു പറഞ്ഞത്. വർഗീയമായ യാതൊരു പരാമർശവും നടത്തിയിട്ടില്ല. തീവ്രഗ്രൂപ്പുകളോട് പിണറായി സർക്കാരിന് മൃദുസമീപനമാണ്. കോൺഗ്രസും ഇടതുപക്ഷവും ഇതിന് കൂട്ടുനിൽക്കുകയാണ്.

സ്ഫോടനത്തെത്തുടര്‍ന്ന് പൊലീസ് കൺവൻഷൻ സെന്ററിൽ പരിശോധനയ്ക്ക് എത്തിയപ്പോള്‍.
സ്ഫോടനത്തെത്തുടര്‍ന്ന് പൊലീസ് കൺവൻഷൻ സെന്ററിൽ പരിശോധനയ്ക്ക് എത്തിയപ്പോള്‍.

വർഗീയവിഷം ചീറ്റുന്ന പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. ഹമാസ് കൂട്ടക്കൊലയിൽ മൗനം പാലിക്കുന്നതിനെയാണ് ചോദ്യം ചെയ്തത്. എന്റെ പ്രതികരണത്തിൽ ഒരു സമുദായത്തിന്റെയും പേര് പറഞ്ഞിട്ടില്ല. ഹമാസിനെ കേരളത്തിലെ ചടങ്ങിൽ പങ്കെടുപ്പിച്ചതിനെയാണ് എതിർത്തത്. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദികളെന്നു വിളിച്ച് അധിക്ഷേപിക്കുന്നു. എം.സ്വരാജും എം.കെ.മുനീറും ഹമാസിന്റെ തീവ്രവാദത്തെ പിന്തുണച്ചു.

ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങിൽ പങ്കെടുപ്പിച്ചതാണു താൻ ഉയർത്തിയത്. കേരളത്തിൽ തീവ്രവാദം കൂടുമ്പോൾ കണ്ടില്ലെന്നു നടിക്കുന്നു. സാമുദായിക പ്രീണനം തീവ്രവാദത്തെ വളർത്തുമെന്ന് ഓർക്കണം. മുൻകാലത്തു കോൺഗ്രസും ഇതേ പ്രീണനനയമാണു സ്വീകരിച്ചത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ സംസ്ഥാനം കൂടെ നിൽക്കണം.

കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തെ തുടര്‍ന്നു പുറത്തിറങ്ങി റോഡരികില്‍ നില്‍ക്കുന്നവര്‍.
കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തെ തുടര്‍ന്നു പുറത്തിറങ്ങി റോഡരികില്‍ നില്‍ക്കുന്നവര്‍.

കേരളത്തിൽ ബോംബ് പൊട്ടുമ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയ പരിപാടിയിലായിരുന്നു. പരാജയം മറയ്ക്കാനാണു പിണറായി എന്നെ വർഗീയവാദിയെന്നു വിളിക്കുന്നത്. മുൻവിധിയോടെ പൊലീസ് അന്വേഷണം നടത്തരുത്, അന്വേഷണം സുതാര്യമാകണം. എന്നെ വർഗീയവാദിയെന്നു വിളിക്കുന്ന മുഖ്യമന്ത്രി നുണയനാണ്. കഴിവുകേടും അഴിമതിയും മറയ്ക്കാൻ അദ്ദേഹം ദുരാരോപണം നടത്തുന്നു. ജനങ്ങളെ സംരക്ഷിക്കാനാവുന്നില്ലെങ്കിൽ ആഭ്യന്തര വകുപ്പ് ഒഴിയണം. 

കളമശ്ശേരിയിൽ സ്ഫോടനം നടന്ന സമ്ര കൺവൻഷൻ സെന്ററിനു മുന്നിൽനിന്നുള്ള ദൃശ്യം ∙ മനോരമ
കളമശ്ശേരിയിൽ സ്ഫോടനം നടന്ന സമ്ര കൺവൻഷൻ സെന്ററിനു മുന്നിൽനിന്നുള്ള ദൃശ്യം ∙ മനോരമ

ഹമാസ് നേതാവ് കേരളത്തിലെ യോഗത്തിൽ പ്രസംഗിക്കുന്നതിനെ മുഖ്യമന്ത്രി എതിർക്കുന്നില്ല. 26/11 മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോൾ അതു തീവ്രവാദം അല്ലെന്നും ആർഎസ്എസിന്റെ ഗൂഢപദ്ധതിയാണെന്നുമാണു കോൺഗ്രസ് അഭിപ്രായപ്പെട്ടത്. തീവ്രവാദികളെയോ തീവ്രവാദബന്ധങ്ങളെയോ ചൂണ്ടിക്കാണിക്കുന്നത് വർഗീയവാദമല്ല. യുവാക്കളെ അത്തരം ആശയധാരയിൽനിന്നു രക്ഷിക്കാനുള്ള ശ്രമങ്ങളാണത്. ഹമാസിനെയും മുസ്‌ലിംകളെയും മുഖ്യമന്ത്രി സമീകരിക്കുന്നു.’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കളമശേരി സ്ഫോടന സംഭവത്തിൽ ഒരു കേന്ദ്രമന്ത്രി വർഗീയ നിലപാട് സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വർഗീയ വീക്ഷണത്തോടെ കേന്ദ്രമന്ത്രി സമീപനം സ്വീകരിച്ചെന്നും ഇതിന്റെ ചുവടു പിടിച്ച് ഇദ്ദേഹത്തിന്റെ കൂടെയുള്ള പലരും ഇത് ഏറ്റുപറയുകയാണെന്നും രാജീവ് ചന്ദ്രശേഖറിന്റെ പേരുപറയാതെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

‘‘നമ്മുടെ ഒരു കേന്ദ്രമന്ത്രി നടത്തിയിട്ടുള്ള പ്രസ്താവന ഇങ്ങനെയാണ്– ‘ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് കളമശേരിയിൽ കണ്ടത്. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിനു വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്കുനേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനവും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയാണ്’– ഈ പ്രസ്താവന വർഗീയ വീക്ഷണത്തോടെയുള്ളതാണ്’’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

English Summary:

Union Minister Rajeev Chandrasekhar has responded to Chief Minister Pinarayi Vijayan who severely criticized him in his statement related to the Kalamasery blast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com