കോട്ടയത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ടും വള്ളവും കൂട്ടിയിടിച്ചു; വെള്ളത്തിലേക്ക് തെറിച്ചു വീണ 12കാരിക്ക് ദാരുണാന്ത്യം
Mail This Article
അയ്മനം (കോട്ടയം) ∙ ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചു വള്ളത്തിൽ സ്കൂളിലേക്കു പോകുകയായിരുന്ന വിദ്യാർഥിനി കായലിൽ വീണു മരിച്ചു. കോലടിച്ചിറ വാഴപ്പറമ്പിൽ രതീഷിന്റെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വര(12) ആണു മരിച്ചത്. വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർഥിനിയാണു അനശ്വര. തിങ്കളാഴ്ച രാവിലെ 8.15ന് പെണ്ണാർ തോട്ടിൽ കോലടിച്ചിറ ഭാഗത്താണു സംഭവം. വള്ളത്തിന്റെ ഒരു വശം തകർന്നു.
വള്ളത്തിൽ അനശ്വരയും സഹോദരി ദിയയും അമ്മ രേഷ്മയും ഉണ്ടായിരുന്നു. അനശ്വരയും ദിയയും വെച്ചൂറിലെ സ്കൂളിലേക്കും രേഷ്മ ചീപ്പുങ്കലിലെ സ്വകാര്യ ബാങ്കിൽ ജോലിക്കും പോകുകയായിരുന്നു. ഇവരെ പതിവായി കോലടിച്ചിറ ഗുരുമന്ദിരത്തിന് സമീപം വള്ളത്തിൽ ഇറക്കുന്നത് മുത്തച്ഛൻ മോഹനൻ ആയിരുന്നു. ഇന്നു പതിവ് പോലെ യന്ത്രം ഘടിപ്പിച്ച വള്ളത്തിൽ മൂവരെയും കയറ്റി മോഹനൻ വരുമ്പോഴായിരുന്നു അപകടം. ബോട്ട് വള്ളത്തിൽ ഇടിച്ചതിനെത്തുടർന്നു അനശ്വര തെറിച്ചു വെള്ളത്തിൽ വീഴുകയായിരുന്നു. രേഷ്മയും ദിയയും വള്ളത്തിൽ പിടിച്ചിരുന്നതിനാൽ തെറിച്ചു പോയില്ല.
അനശ്വര വെള്ളത്തിൽ വീണതിനെത്തുടർന്നു മുത്തച്ഛൻ മോഹനനും ബോട്ട് ജീവനക്കാരായ 2 പേരും നാട്ടുകാരും വെള്ളത്തിലേക്കു ചാടി അനശ്വരയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുഹമ്മ–കണ്ണങ്കര– ചീപ്പുങ്കൽ– മണിയാപറമ്പ് സർവീസ് നടത്തുന്ന ബോട്ടാണു വള്ളത്തിൽ ഇടിച്ചത്. അനശ്വരയും കുടുംബവും സഞ്ചരിച്ചിരുന്ന വള്ളം ഇടത്തോട്ടിൽ നിന്നു പെണ്ണാർ തോട്ടിലേക്കു പ്രവേശിക്കുകയായിരുന്നു. ഈ സമയം കോലടിച്ചിറ ബോട്ട് ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബോട്ട് മുന്നോട്ട് എടുത്തു ഏതാനും മീറ്റർ എത്തിയപ്പോഴേക്കും വള്ളത്തിൽ ഇടിക്കുകയായിരുന്നു.
അപകടം നടക്കുന്ന സ്ഥലത്ത് നിന്നു 200 മീറ്റർ അകലെയാണു അനശ്വരയുടെ വീട്. 4 പേരും വള്ളത്തിൽ കയറ്റിയ യാത്രയാക്കിയ ശേഷം രതീഷ് പണിക്കു പോകുന്നതിനുള്ള തയാറെടുപ്പ് നടക്കുന്നതിനിടെ ആണു നിലവിളി കേൾക്കുന്നത്. ഇവിടേക്കു രതീഷ് ഓടി എത്തുമ്പോഴാണു ബോട്ട് വള്ളത്തിൽ ഇടിച്ചു മകൾ അനശ്വര വെള്ളത്തിൽ വീണു കാണാനില്ലെന്ന് അറിയുന്നത്. അഗ്നിശമന സേന 4 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണു അനശ്വരയുടെ മൃതദേഹം കണ്ടെത്തിതയത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.