ഗാസയിൽ കടന്നുകയറി ഹമാസ് കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ; ഭൂഗർഭ തുരങ്കങ്ങളും തകർത്തു
Mail This Article
ഗാസ∙ ഹമാസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഗാസ വളഞ്ഞും ഗാസയ്ക്കുള്ളിൽ കടന്നും ആക്രമണം നടത്തുന്ന ഇസ്രയേൽ സൈന്യം, ഹമാസിന്റെ ഉന്നത നേതൃത്വത്തിലുള്ളവരെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുന്നു. ഹമാസ് കമാൻഡറായ സാല അൽ അരൗറിയുടെ വെസ്റ്റ് ബാങ്കിലെ കുടുംബ വീട് തകർത്ത ഇസ്രയേൽ സൈന്യം, കൂടുതൽ ഹമാസ് നേതാക്കൾക്കായി തിരച്ചിൽ തുടരുകയാണ്. ഹമാസിന്റെ അധികാര കേന്ദ്രങ്ങളിലുള്ളവരെ തകർത്ത് ഹമാസിനെ വേരോടെ പിഴുതെറിയുകയാണ് ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യം. ഒക്ടോബർ ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേലിൽ കടന്നു നടത്തിയ ആക്രമണത്തിനു പിന്നാലെ ആരംഭിച്ച ഇസ്രയേലിന്റെ പ്രത്യാക്രമണം, നാലാം ആഴ്ചയിലേക്കു കടന്നു.
ഹമാസ് നേതാവായ ഇസ്മയിൽ ഹനിയേഹിന്റെ പ്രധാന സഹായിയായ സാല അൽ അരൗറി, നിലവിൽ ദക്ഷിണ ലബനനിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. മുൻപ് 17 വർഷത്തോളം ഇസ്രയേലിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള ഹമാസ് നേതാവു കൂടിയാണ് അരൗറി. വെസ്റ്റ് ബാങ്കിനു സമീപത്തുനിന്നും മൂന്ന് ഇസ്രയേൽ കൗമാരക്കാരെ തട്ടിയെടുത്തു കൊലപ്പെടുത്തിയതായി 2014ൽ വെളിപ്പെടുത്തിയതോടെയാണ് അരൗറി വീണ്ടും ഇസ്രയേലിന്റെ നോട്ടപ്പുള്ളിയായത്. അതിനു ശേഷം വെസ്റ്റ് ബാങ്കിൽ ഹമാസിന്റെ വ്യാപനത്തിനും വളർച്ചയ്ക്കുമായി അക്ഷീണം പ്രയത്നിക്കുന്ന വ്യക്തി കൂടിയാണ് അരൗറി.
അതിനിടെ, ഗാസയിൽ ഇസ്രയേലിന്റെ പ്രത്യാക്രമണത്തെ നേരിടാൻ ഹമാസിനു കരുത്തേകുന്ന തുരങ്കങ്ങൾ തിരഞ്ഞുപിടിച്ച് തകർക്കാനും ശ്രമം വ്യാപകമാണ്. ഗാസയിൽ ഇന്നലെ നടത്തിയ ആക്രമണത്തിനിടെ ഹമാസിന്റെ നേതൃസ്ഥാനങ്ങളിലുള്ളവരെ കൊലപ്പെടുത്തിയതായും ഒട്ടേറെ തുരങ്കങ്ങൾ തകർത്തതായും സൈന്യം വെളിപ്പെടുത്തി. ഈ ഘട്ടത്തിൽ ഒരു തരത്തിലുമുള്ള വെടിനിർത്തലിനു തയാറല്ലെന്ന് ഇസ്രയേൽ ഭരണകൂടം വ്യക്തമാക്കിയിരുന്നു.
‘കഴിഞ്ഞ ദിവസം ഗാസയിൽ കടന്ന് സൈന്യം നടത്തിയ കരയുദ്ധത്തിൽ നിരവധി ഹമാസ് ഭീകരരെ കൊലപ്പെടുത്തി. ഇസ്രയേലി വ്യോമസേന വിവിധ തീവ്രവാദ ലക്ഷ്യങ്ങൾ തകർത്തു. ആന്റി–ടാങ്ക് മിസൈൽ പോസ്റ്റുകൾ, റോക്കറ്റ് ലോഞ്ച് പോസ്റ്റുകൾ, ഭൂഗർഭ തുരങ്കങ്ങൾക്കുള്ളിലെ തീവ്രവാദ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 300 കേന്ദ്രങ്ങളിലാണ് ഇന്നലെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ തകർത്തത്’ – എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച കുറിപ്പിൽ ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
സംഘർഷം നാലാം ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കെ, ഗാസ സിറ്റിക്കുനേരെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമായി ഇസ്രയേൽ സേന കര, വ്യോമ ആക്രമണം ശക്തമാക്കിയിരുന്നു. വൈദ്യുതിയും ഭക്ഷണവും ശുദ്ധജലവുമില്ലാതെ ഗാസ നിവാസികളുടെ ദുരിതം തുടരുമ്പോൾ, വടക്കൻ നഗരമായ ഗാസ സിറ്റിയിലെ ജനങ്ങൾ തെക്കോട്ടു ഒഴിഞ്ഞുപോകണമെന്ന ആവശ്യം ഇസ്രയേൽ ആവർത്തിച്ചു. മെഡിറ്ററേനിയൻ തീരത്തും ഗാസ സിറ്റി പ്രധാന തെരുവിലും നിരന്ന സൈനിക കവചിത വാഹനങ്ങളുടെ ദൃശ്യം ഇസ്രയേൽ പുറത്തുവിട്ടു.