വെടിവച്ചത് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്നു സൂചന
Mail This Article
ആറളം ∙ വന്യജീവി സങ്കേതത്തിലെ ചാവച്ചിയിൽ വനപാലക സംഘത്തിനു നേരെ വെടിവയ്പു നടത്തിയതു മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്നു സൂചന. മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സോൺ സെക്രട്ടറിയായ സി.പി.മൊയ്തീന്റെ നേതൃത്വത്തിലാണ് കണ്ണൂർ, വയനാട് ജില്ലകളുടെ വനാതിർത്തികളിൽ മാവോയിസ്റ്റുകൾ തമ്പടിച്ചു വരുന്നത്. നേരത്തേ അതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ എത്തിയ മാവോയിസ്റ്റുകളുടെ കൂട്ടത്തിലും സി.പി.മൊയ്തീൻ ഉണ്ടായിരുന്നു.
അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളുടെ വനാതിർത്തി ഗ്രാമങ്ങളിലെ ടൗണുകളിൽ പരസ്യമായി എത്തി സായുധ പ്രകടനം നടത്തുകയും തലപ്പുഴ കമ്പമലയിൽ വനം വികസന കോർപറേഷന്റെ ഓഫിസ് അടിച്ചു തകർക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതിനിടെയാണു വനപാലകർക്കു നേരെ വെടിവയ്പ് ഉണ്ടാകുന്നത്. ആദ്യമായാണ് ഈ മേഖലയിൽ സേനയ്ക്കു നേരെ വെടിവയ്പ്. നിരായുധരായ 3 വനം വാച്ചർമാർക്കു നേരെയുണ്ടായ വെടിവയ്പ് കൂടുതൽ ഗൗരവത്തോടെ കാണാനാണ് ആഭ്യന്തര വകുപ്പ് നിർദേശം.
മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ പൊലീസ്–നക്സൽ വിരുദ്ധ സേന–സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ഉന്നതർ കഴിഞ്ഞദിവസം ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയിരുന്നു. ആറളം, അയ്യൻകുന്ന്, കൊട്ടിയൂർ പ്രദേശങ്ങൾക്ക് അതിരിടുന്ന വനമേഖലകൾക്കും വയനാട് വനമേഖലകൾക്കും മുകളിലൂടെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡപ്യൂട്ടി കമൻഡാന്റ് സജീന്ദ്രൻ പിള്ള, ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി, പേരാവൂർ ഡിവൈഎസ്പി എ.വി.ജോൺ, എഎൻഎഫ് ബറ്റാലിയനിലെ 2 പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും അന്നു മാവോയിസ്റ്റ് സാന്നിധ്യം എവിടെയും കണ്ടെത്താനായില്ല.
ആറളത്ത് വനപാലകർക്കു നേരെ 5 പേരുടെ സംഘമാണു വെടിയുതിർത്തത്. ഇതിലൊരു വനിതയുണ്ട്. 80 മീറ്റർ അകലെ നിന്ന് 7 റൗണ്ട് വെടിയുതിർത്തിട്ടുണ്ട്. വാച്ചർമാർക്കു വെടിയേറ്റിട്ടില്ല. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണും മറ്റും വാച്ചർമാർക്ക് നിസ്സാര പരുക്കേറ്റു.
നേരത്തേ കൊട്ടിയൂരിലും ഇരിട്ടി പൊലീസ് സബ് ഡിവിഷൻ പരിധിയിലെ സ്ഥലങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടവരും കൂട്ടത്തിലുണ്ട്. പേരുകൾ വ്യക്തമാക്കാൻ കഴിയില്ല. വാച്ചർമാർ മാവോയിസ്റ്റുകളെ കൃത്യമായി കണ്ടിട്ടുണ്ട്. വാച്ചർമാർ സ്ഥിരമായി പോകുന്ന വഴിയാണ്. വാച്ചർമാരുടെ മൊഴി വിശദമായി രേഖപ്പെടുത്തും. മാവോയിസ്റ്റുകളുടെ ഫോട്ടോകൾ കാണിച്ച് തിരിച്ചറിയാൻ ശ്രമിക്കും. പ്രദേശത്ത് തണ്ടർബോൾട്ടിന്റെ പതിവു പരിശോധന തുടരുന്നുണ്ട്. ആരും കസ്റ്റഡിയിലില്ല.
തോംസൺ ജോസ്, ഡിഐജി, കണ്ണൂർ
ചാവച്ചിയിൽ അമ്പലപ്പാറ ക്യാംപ് ഷെഡ്ഡിലേക്ക് പോകുന്ന വാച്ചർമാർക്ക് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. വാച്ചർമാർ സുരക്ഷിതരാണ്. അമ്പലപ്പാറ ഹിൽ സ്റ്റേഷനിലെ ക്യാംപ് ഷെഡ്ഡിൽ ചുമതലയുള്ള വാച്ചർമാരും വനപാലകരും 2–3 ദിവസത്തെ ക്യാംപിങ് ആണു നടത്തുക. ഇതിനുള്ള ഭക്ഷണ സാമഗ്രികൾ ഉൾപ്പെടെയാണു പോകുക. ഇപ്രകാരം വാച്ചർമാർ പോകുമ്പോഴാണ് മാവോയിസ്റ്റ് വെടിവയ്പ് ഉണ്ടാകുന്നത്. സംഭവത്തിൽ വനം വകുപ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ സ്ഥലത്ത് എത്തി ശക്തമായ അന്വേഷണം ആരംഭിച്ചു.
ജി.പ്രദീപ്, ആറളം വൈൽഡ് ലൈഫ് വാർഡൻ