‘ഹമാസ് വിഷയം കേരളത്തിൽ സംസാരിക്കാൻ പാടില്ലെന്ന് തീട്ടൂരമുണ്ടോ? മന്ത്രിക്കെതിരെ കേസെടുത്തത് എന്തിന്?’
Mail This Article
കോഴിക്കോട്∙ കളമശേരി സ്ഫോടനത്തിന്റെ പശ്ചത്തലത്തിൽ ചില വസ്തുതകൾ ചൂണ്ടിക്കാട്ടിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും എന്തു വിദ്വേഷമാണ് മന്ത്രി പ്രചരിപ്പിച്ചത് എന്നു വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.
പല്സതീൻ വിഷയം ചർച്ചയിലേക്കു കൊണ്ടു വന്നതാണ് പ്രശ്നമെങ്കിൽ അത് ആദ്യം ചെയ്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആണ്. അദ്ദേഹത്തിനെതിരെയും കേസ് എടുക്കണം. പലസ്തീൻ ,ഹമാസ് വിഷയങ്ങൾ കേരളത്തിൽ സംസാരിക്കാൻ പാടില്ലെന്ന് തീട്ടൂരമൊന്നും സർക്കാർ ഇറക്കിയിട്ടില്ലല്ലോ. ഭരണവും പൊലീസും കയ്യിലുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കരുത്.
കളമശേരി സംഭവം ഒരാളുടെ മാത്രം ഉത്തരവാദിത്തം ആണെന്നു വരുത്തിത്തീർക്കാൻ സർക്കാരും പൊലീസും ശ്രമിക്കുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്നതിനു മുമ്പാണ് ഈ നിഗമനത്തില എത്തിയത്. ഒരാൾ മാത്രം വിചാരിച്ചാൽ നടത്താൻ പറ്റുന്ന സ്ഫോടനം ആണോ നടന്നത്? ഹമാസ് ഭീകരവാദികൾ ആണെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. രാജീവ് ചന്ദ്രശേഖർ എന്ന വ്യക്തിക്കെതിരെയല്ല, കേന്ദ്ര സർക്കാരിനെതിരെയാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തിരിക്കുന്നത് – രമേശ് പറഞ്ഞു.