ADVERTISEMENT

കൊച്ചി ∙ ഹമാസിനു സമാനമായ സംഘടനകൾ കേരളത്തിലുണ്ടെന്ന് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ല അഭിപ്രായപ്രകടനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. കളമശേരി സ്ഫോടനത്തുടർന്നുണ്ടായ വിവാദത്തെപ്പറ്റി സംസാരിക്കാൻ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

‘‘കേരളത്തിലെ സ്ഫോടനത്തെ കുറിച്ചു സംസാരിക്കാനാണ് വാർത്താ സമ്മേളനത്തിനു വന്നത്. യുപിയിലെ വിഷയങ്ങൾ അതുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോള്‍ പറയാം. ഹമാസ് അക്രമികളാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടോ? നിഷ്കളങ്കരായ മനുഷ്യർക്കു നേരെ ഹമാസ് നടത്തിയ ആക്രമണം നമ്മൾ കണ്ടതാണ്. ഇത്തരത്തിലുള്ള യുവസംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി പല അന്വേഷണ ഏജൻസികളും കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ കുറിച്ചല്ല ഞാൻ പറഞ്ഞത്. അഫ്ഗാനിസ്ഥാനലേക്കും സിറിയയിലേക്കും കേരളത്തിൽനിന്ന് ആളുകൾ പോകുന്നത് ഇത്തരം പ്രവർത്തനങ്ങള്‍ നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. കേരള സർക്കാർ നിരുത്തരവാദപരമായാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇത്തരം സംഘടനകൾക്കെതിരെ സർക്കാർ നടപടിയെടുക്കാത്തത്?’– രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

‘‘ഹമാസിന്റെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതായിരുന്നു സിപിഎം നേതാവ് എം. സ്വരാജിന്റെ പരാമർശം. ഹമാസ് സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്നവരാണെന്നായിരുന്നു മുസ്‌ലിംലീഗ് നേതാവ് എം.കെ. മുനീർ പറഞ്ഞത്. ഇതിലൂടെ കേരളത്തിലെ യുവാക്കൾക്ക് എന്തു സന്ദേശമാണ് ഈ നേതാക്കൾ നൽകുന്നത്. ഭീകരവാദത്തിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ല. കളമശേരിയിലുണ്ടായ സ്ഫോടനത്തെ കുറിച്ചു സംസാരിക്കാനാണ് വന്നത്. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ചും ഇപ്പോൾ പറയാനാകില്ല. സന്ദീപ് വാര്യരും രാധാകൃഷ്ണനും പറഞ്ഞതിന്റെ മറുപടി പറയേണ്ട ഉത്തരവാദിത്തം എനിക്കില്ല.

കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ പൂർണമായി പിന്തുണയ്ക്കുന്നു. അതു സത്യമാണെങ്കിൽ ബിജെപി അതിനെ സ്വാഗതം ചെയ്യുന്നു. ഹമാസിനെ പിന്തുണയ്ക്കുന്ന സിപിഎം നിലപാട് പൂർണമായും എതിർക്കപ്പെടേണ്ടതാണ്’’ – കേന്ദ്രമന്ത്രി പറഞ്ഞു.

English Summary:

Rajeev Chandrasekhar's Reaction On Kalamassery Blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com