രാജി തുടർന്ന് എംപിമാരും എംഎൽഎമാരും; പിന്തുണയേറി മറാഠ പ്രക്ഷോഭം
Mail This Article
മുംബൈ ∙ മറാഠാ സമരം ആളിപ്പടരുന്നത് സംസ്ഥാന സർക്കാരിന് പുതിയ വെല്ലുവിളിയാകുന്നു. ഒരു ബിജെപി എംഎൽഎയും ശിവസേന (ഷിൻഡെ വിഭാഗം) എംപിയും കൂടി രാജി പ്രഖ്യാപിച്ചതിനു പിന്നാലെ വിവിധ പാർട്ടികളിലെ മൂന്ന് എംഎൽഎമാർ രാജിസന്നദ്ധത അറിയിച്ചു.ബീഡ് ജില്ലയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ലക്ഷ്മൺ പവാറാണ് രാജിവച്ചത്. മറാത്ത സംവരണമെന്നത് നീണ്ട നാളുകളായി നിലകൊള്ളുന്ന നിർണായകമായ വിഷയമാണെന്നും മറാത്ത സമുദായത്തിന് പിന്തുണ പ്രഖ്യാപിച്ച് താൻ രാജിവയ്ക്കുകയാണെന്നും സ്പീക്കർക്ക് അയച്ച കത്തിൽ ലക്ഷ്മൺ പവാർ വ്യക്തമാക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അടുത്ത അനുയായികളായി അറിയപ്പെടുന്ന രണ്ടു എംപിമാരുടെ രാജിക്കു പിന്നാലെ ബിജെപി എംഎൽഎ കൂടി രാജിവച്ചത് ഭരണകക്ഷിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഗവർണറെ കണ്ടു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു.
മറാഠ്‌വാഡയിലെ ബീഡ് ജില്ലയിൽ വ്യാപക അക്രമങ്ങളാണ് ഇന്നലെ നടന്നത്. കല്ലേറും തീവയ്പും വഴിതടയലുമായി സംഘർഷഭരിതമായിരുന്നു മേഖല. 2 എൻസിപി എംഎൽഎമാരുടെയും ഷിൻഡെ പക്ഷത്തെ മുതിർന്ന നേതാവിന്റെയും വീടുകൾ കത്തിച്ച പ്രതിഷേധക്കാർ ഒൗറംഗാബാദിൽ ബിജെപി എംഎൽഎയുടെ ഒാഫിസും ആക്രമിച്ചു. ബീഡ് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ച പൊലീസ് കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചു.
കോർപറേഷൻ, ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരു വർഷത്തിനുള്ളിൽ നടക്കാനിരിക്കെ ജനസംഖ്യയുടെ 32 ശതമാനം വരുന്ന പ്രബല സമുദായമായ മറാഠകൾ ഇടയുന്നത് ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാർ നയിക്കുന്ന എൻസിപിയും ചേർന്നുളള ഭരണുന്നണിയുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്. ശിവസേനയെയും എൻസിപിയെയും പിളർത്തി ഭരണം ഉറപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ ബിജെപിക്ക് മറാഠ പ്രക്ഷോഭം പുതിയ പ്രതിബന്ധമായി മാറുന്നു.
പരിഹാര നടപടികൾ പലതും മുന്നോട്ടുവച്ചിട്ടും സമര നേതാവ് മനോജ് ജരാങ്കെ പാട്ടീലിനെ അനുനയിപ്പിക്കാനാകുന്നില്ല. കുൺബി സർട്ടിഫിക്കറ്റ് നൽകി മറാഠ്‌വാഡയിലെ ഒരു വിഭാഗം മറാഠകളെ ഒബിസി പരിധിയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ കൊണ്ട് പ്രശ്നപരിഹാരമാകില്ലെന്നും സംസ്ഥാനത്തെ മുഴുവൻ മറാഠകൾക്കും ബാധകമാകുന്നവിധം സംവരണം പ്രഖ്യാപിക്കണമെന്നും ജരാങ്കെ പാട്ടീൽ ഇന്നലെ ആവശ്യപ്പെട്ടു. നിലപാട് കടുപ്പിക്കുന്ന അദ്ദേഹം സമുദായാംഗങ്ങളോട് അക്രമങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ അഭ്യർഥിച്ചു.
ഫഡ്നാവിസ് രാജിവയ്ക്കണം: സുപ്രിയ സുളെ
അക്രമം തടാൻ കഴിയാത്ത ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്ന് എൻസിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുളെ ആവശ്യപ്പെട്ടു. ‘എന്താണ് സംസ്ഥാനത്ത് സംഭവിക്കുന്നത്? എംഎൽഎയുടെ വീട് പട്ടാപ്പകൽ കത്തിക്കുന്നു. കോർപറേഷൻ ആസ്ഥാനം ആക്രമിക്കപ്പെടുന്നു. സംസ്ഥാനത്ത് നിയമവ്യവസ്ഥ നിലവിലുണ്ടോ?’ – സുപ്രിയ ചോദിച്ചു.
ആരും എന്നെ കേട്ടില്ല
‘സമരക്കാർ എല്ലാ ദിക്കുകളിലും നിന്നു വീടു വളയുകയായിരുന്നു. ഒരാൾ പോലും എന്നെ കേൾക്കാൻ തയാറായില്ല. ആദ്യം രൂക്ഷമായി കല്ലെറിഞ്ഞു. തുടർന്നാണ് വാഹനങ്ങൾക്കും വീടിനും അവർ തീയിട്ടത്. മറാഠകളുടെ പിന്തുണയോടെ നാലു തവണ നിയമസഭയിലെത്തിയ മറാഠ എംഎൽഎയാണു ഞാൻ’
∙ പ്രകാശ് സോളങ്കെ, എംഎൽഎ
മറാഠകൾക്ക് ഒബിസി സർട്ടിഫിക്കറ്റ്: വിതരണം ഇന്ന് തുടങ്ങും
മുംബൈ ∙ മറാഠ സമുദായക്കാർക്ക് ഒബിസി വിഭാഗത്തിൽപെട്ട കുൺബികളെന്ന് (കർഷക വിഭാഗം) സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഇന്നുമുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. നൈസാം ഭരണകാലത്തെ രേഖകളുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുക. ഇതു സംബന്ധിച്ച് തഹസിൽദാർമാർക്കു നിർദേശം നൽകി. ഈ വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച റിട്ട.ജസ്റ്റിസ് സന്ദീപ് ഷിൻഡെ അധ്യക്ഷനായ സമിതി 1.72 കോടി സർക്കാർ രേഖകൾ പരിശോധിച്ചെന്നും 11,530 രേഖകളിൽ മറാഠകളെ കുൺബികളായി പരിഗണിക്കുന്നുണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സമിതി ഇന്നു സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അത് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറാഠ സംവരണ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിനെ ഉപദേശിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമിതിയിൽ മൂന്ന് വിരമിച്ച ജഡ്ജിമാരുണ്ടാകും. സംവരണം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയും സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് തിരുത്തൽ ഹർജി നൽകുന്നത്.
അനിശ്ചിതകാല നിരാഹാരം തുടരുന്ന മറാഠ നേതാവ് മനോജ് ജരാങ്കെ പാട്ടീലിമായി സർക്കാർ പ്രതിനിധി ഇന്നു ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാരിന് കുറച്ചുസമയം ആവശ്യമാണെന്നും പാട്ടീൽ അത് തങ്ങൾക്കു നൽകണമെന്നും അദ്ദേഹം പറഞ്ഞു.