കടുത്ത സാമ്പത്തിക ഞെരുക്കമെന്നു സർക്കാർ; കേരളത്തെ അപമാനിക്കുന്നതെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി∙ സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്, സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണെന്ന് സർക്കാർ അറിയിച്ചത്. ഈ സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കേരളാ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്റെ (കെടിഡിഎഫ്സി) സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ്, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്.
സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി, കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് കെടിഡിഎഫ്സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഹർജിയുമായി ബന്ധപ്പെട്ട് കെടിഡിഎഫ്സിക്കെതിരെ ഹൈക്കോടതി നേരത്തേ പരാമർശം നടത്തിയിരുന്നു. എന്തുകൊണ്ട് പണം നൽകുന്നില്ലെന്നും ആരാഞ്ഞു. ഇതിനു പിന്നാലെയാണ്, സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
എന്നാൽ, സത്യവാങ്മൂലത്തിനെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇതിലൂടെ സംസ്ഥാനത്തിനു പുറത്ത് കേരളത്തിനു മോശം പേരുണ്ടാകില്ലേയെന്നു കോടതി ചോദിച്ചു. ഇവിടെ സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നാണോ സർക്കാർ പറയുന്നതെന്നു ചോദിച്ച കോടതി, ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും ആരാഞ്ഞു. തുടർന്ന് അധിക സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നല്‍കി. ഹർജി ഇനി 10 ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.