ADVERTISEMENT

കൊച്ചി ∙ സർക്കാരിന്റെ ‘കേരളീയം’ പരിപാടി ധൂർത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മനസ്സാക്ഷി ഇല്ലാതെ സര്‍ക്കാര്‍ കോടികൾ ചെലവിടുകയാണ്. സർക്കാർ എത്തിനിൽക്കുന്ന സാഹചര്യത്തെപ്പറ്റി മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ഒരു ധാരണയുമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലാണു കേരളം. എല്ലാ വകുപ്പുകളിലും കോടികളുടെ ബാധ്യതയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

‘‘ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമായി 40,000 കോടിയുടെ കടമാണു സർക്കാരിനുള്ളത്. ശമ്പള – പെൻഷൻ പരിഷ്കരണ കുടിശികകൾ കൊടുക്കാനുണ്ട്. പെൻഷൻ കുടിശിക കിട്ടാതെ ഒരു ലക്ഷത്തോളം പെൻഷൻകാർ മരിച്ചു. മാസങ്ങളായി സാമൂഹികസുരക്ഷാ പെൻഷൻ മുടങ്ങിയിരിക്കുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനുപോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിക്കിടക്കുകയാണ്.

കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ. ചിത്രം. റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ.
കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ. ചിത്രം. റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ.

വിതരണക്കാർക്ക് 1500 കോടിയോളം കൊടുക്കാനുള്ളതിനാൽ‌ സപ്ലൈകോയിലെ ഇ-ടെൻഡറിൽ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണു നല്‍കാനുള്ളത്. നെല്ല് സംഭരിച്ചതിന്റെ പണം മാസങ്ങളായിട്ടും കൊടുത്തു തീർത്തിട്ടില്ല. മഹാമാരിക്കാലത്തെ കിറ്റിന്റെ പണവും കൊടുക്കാനുണ്ട്. 3000 കോടിയോളം രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. പൊലീസ് വാഹനങ്ങൾക്കു ഡീസൽ അടിക്കാനുള്ള പണമില്ലെന്നു ഡിജിപി കത്ത് കൊടുത്തിരിക്കുകയാണ്.

1957 മുതൽ 2016 വരെ കെഎസ്ഇബിയുടെ കടം 1083 കോടിയായിരുന്നു. എന്നാൽ കഴിഞ്ഞ 7 വർഷം കൊണ്ടുണ്ടായ കടം 40,000 കോടിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള രണ്ടാം ഗഡു 3 മാസമായിട്ടും കൊടുത്തിട്ടില്ല. കേരളീയത്തിനു 27 കോടി കൊടുക്കാൻ പണമുള്ള സർക്കാർ പാവപ്പെട്ടവർക്കു വീട് വയ്ക്കാനുള്ള ലൈഫ് മിഷൻ പദ്ധതിക്ക് പണം അനുവദിക്കുന്നില്ല. കാരുണ്യ പദ്ധതിയിൽ പോലും സഹായം കിട്ടുന്നില്ല. സഹകരണ ബാങ്ക് തട്ടിപ്പുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കൊള്ളക്കാരെ രക്ഷിക്കുകയാണ്. ഭയാനകമായ ധനപ്രതിസന്ധി നിൽക്കുമ്പോൾ എന്തു കാര്യത്തിനാണു കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്?

ഇതാണോ സര്‍ക്കാരിന്റെ മുന്‍ഗണന? തിരുവനന്തപുരം നഗരത്തില്‍ വൈദ്യുതാലങ്കാരം നടത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബോര്‍ഡുകള്‍ സ്ഥാപിച്ച്, പണം മുടക്കി പുറത്തുനിന്ന് ആളുകളെ എത്തിച്ചാല്‍ അവര്‍ പിന്നീട് കേരളത്തെ കുറിച്ചു പുകഴ്ത്തിപ്പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ കേരളീയത്തിന്റെ ഉദ്ദേശ്യം? ഇതു നടത്തേണ്ട സമയമാണോ ഇത്? ഇതാണോ ജനസദസില്‍ പോയി മുഖ്യമന്ത്രിയും മന്ത്രിമാരും പറയാന്‍ പോകുന്നത്? 

പെന്‍ഷനോ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണമോ നല്‍കാതെ, എല്ലാ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചാണ് കേരളീയം ആഘോഷിക്കുന്നത്. 'നിങ്ങള്‍ക്കൊപ്പം ഞാനും' എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിന് അടിയില്‍ എഴുതിവച്ചിരിക്കുന്നത്. നാല്‍പ്പതിലധികം സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിലും ആയിരം പൊലീസുകാരുടെ സുരക്ഷയിലും സഞ്ചരിക്കുന്ന മുഖ്യമന്ത്രി എങ്ങനെയാണു പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമാകുന്നത്. ഇതൊക്കെ ബോര്‍ഡില്‍ എഴുതി വയ്ക്കാന്‍ കൊള്ളാം. വന്ദേഭാരതില്‍ യാത്ര ചെയ്തപ്പോള്‍ കണ്ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വെ ട്രാക്കില്‍ പൊലീസിനെ നിര്‍ത്തിയ മുഖ്യമന്ത്രിയാണു ഞാന്‍ നിങ്ങളോടൊപ്പമാണെന്നു പറയുന്നത്. 

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തത് ഉള്‍പ്പെടെയുള്ള ആറ് ഗുരുതര അഴിമതി ആരോപങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് മറുപടിയില്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണിത്. അഴിമതിയും ഭരണകെടുകാര്യസ്ഥതയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. കേരളപ്പിറവി ദിനത്തില്‍ ഈ രണ്ട് തൂവലുകളാണ് പ്രതിപക്ഷം സര്‍ക്കാരിന്റെ അഴിമതിക്കിരീടത്തില്‍ അണിയിക്കുന്നത്. 

ലാവലിന്‍ കേസ് അടുത്ത തവണ പരിഗണിക്കുമ്പോഴും സിബിഐ വക്കീലിന് പനിയായിരിക്കും. സംഘപരിവാര്‍ സിപിഎം നേതൃത്വങ്ങള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികളൊന്നും കേസെടുക്കാത്തതും സുരേന്ദ്രന്‍ കാസര്‍കോട് കോടതിയില്‍ ഹാജരായപ്പോള്‍ പ്രോസിക്യൂട്ടര്‍ മിണ്ടാതെ നിന്നതും കുഴല്‍പ്പണ കേസിലെ പ്രതികളെ ഒഴിവാക്കിയതുമെല്ലാം. 

കളമശേരി സ്‌ഫോടനത്തില്‍ പഴുതുകള്‍ അടച്ചുള്ള സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇന്റലിജന്‍സ്, സൈബര്‍ പൊലീസ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും വിദ്വേഷ ക്യാംപെയ്ൻ നടത്തുന്ന സമൂഹമാധ്യമ പ്രചരണങ്ങള്‍ നിരീക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷിക്കട്ടേയെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണു തുടക്കം മുതല്‍ക്കെ പ്രതിപക്ഷം പറഞ്ഞത്. ഭീകരാക്രമണമാണെന്നു പറയുകയും സംഭവത്തെ പലസ്തീനുമായി ബന്ധപ്പെടുത്തുകയുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ചെയ്തത്. കേരളം തീവ്രവാദികളുടെ ആസ്ഥാനമാണെന്ന തരത്തില്‍ സംസ്ഥാനത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയത്. എന്നാല്‍ ഉത്തരവാദിത്ത ബോധത്തോടെയാണു പ്രതിപക്ഷം പെരുമാറിയത്. ഭിന്നിപ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്കു വെള്ളവും വളവും നല്‍കില്ലെന്നതാണു പ്രതിപക്ഷ നിലപാടാണ്. 

അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് 5 മാസത്തിനിടെ യുഡിഎഫ് പതിനായിരക്കണക്കിനു ജനങ്ങളെ സംഘടിപ്പിച്ച് രണ്ടു തവണയാണ് സെക്രട്ടേറിയറ്റ് ഉപരോധിച്ചത്. കലക്ടറേറ്റുകളിലേക്കും മന്ത്രിമാരുടെ വസതികളിലേക്കും മാര്‍ച്ച് നടത്തി. ഇത്രയധികം കേസുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ചുമത്തിയ കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമത്തെയും വച്ചുപൊറുപ്പിക്കില്ല. അത്താരക്കാരെ പ്രതിരോധിക്കാന്‍ മുന്നിലുണ്ടാകുമെന്നത് പ്രതിപക്ഷം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന വാക്കാണ്’’– സതീശൻ പറഞ്ഞു.

English Summary:

Leader of Opposition V.D.Satheesan said that the government's 'Keraleeyam' program is wasteful.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com