പാർട്ടികള്‍ മറാഠ സംവരണം ഏകകണ്ഠ്യേന അംഗീകരിച്ചു: മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
Mail This Article
മുംബൈ∙ മാറാഠ സംവരണത്തെ എല്ലാ പാർട്ടികളും ഏകകണ്ഠ്യേന അംഗീകരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മുംബൈയിൽ നടന്ന സർവകക്ഷി യോഗത്തിനു ശേഷമായിരുന്നു ഷിൻഡെയുടെ പ്രതികരണം. സംവരണവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധക്കാർ സംയമനം പാലിക്കണമെന്നും ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർ സർക്കാരിനോട് സഹകരിക്കുമെന്ന് മറാഠാ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജറങ്കെ പട്ടീൽ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറാഠാ സംവരണം ആവശ്യപ്പെട്ട് ഒരു ബിജെപി എംഎൽഎയും ശിവസേന (ഷിൻഡെ വിഭാഗം) എംപിയും രാജിവച്ചിരുന്നു. ഇതിനു പിന്നാലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് എംഎൽഎമാർ കൂടി രാജിവച്ചു.
സംവരണം ആവശ്യപ്പെട്ട് മറാഠ്‌വാഡയിലെ ബീഡ് ജില്ലയിൽ വ്യാപക അക്രമങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. കല്ലേറും തീവയ്പും വഴിതടയലുമായി സംഘർഷഭരിതമായിരുന്നു മേഖല. 2 എൻസിപി എംഎൽഎമാരുടെയും ഷിൻഡെ പക്ഷത്തെ മുതിർന്ന നേതാവിന്റെയും വീടുകൾ കത്തിച്ച പ്രതിഷേധക്കാർ ഒൗറംഗാബാദിൽ ബിജെപി എംഎൽഎയുടെ ഒാഫിസും ആക്രമിച്ചു. സംഘർഷത്തെ തുടർന്ന് ബീഡ് ജില്ലയിൽ പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.