മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്
Mail This Article
ന്യൂഡൽഹി∙ വധശ്രമക്കേസിൽ കുറ്റക്കാരനാണെന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ലക്ഷദ്വീപിൽ നിന്നുള്ള ലോക്സഭാ അംഗം പി.പി. മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് പുഃസ്ഥാപിച്ചു. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ആണ് ഇന്ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
മുന്‍ കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കവരത്തിയിലെ സെഷൻസ് കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചതിനെത്തുടർന്ന് ജനുവരി 11 നാണ് ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. സെഷൻസ് കോടതി ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു നൽകി.
എന്നാൽ, തടവുശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് അദ്ദേഹത്തെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഒക്ടേബറിൽ വീണ്ടും വിജ്ഞാപനമിറക്കിയിരുന്നു. ഇതു ഒക്ടോബർ ഒൻപതിനു സുപ്രീം കോടതി തള്ളി. തുടർന്നാണ് ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചത്.