ADVERTISEMENT

ന്യൂഡൽഹി∙ പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ നിന്ന് ഇറങ്ങിപ്പോയി തൃണമൂൽ എംപി മഹുവ മൊയ്ത്രയും പ്രതിപക്ഷ എംപിമാരും. വ്യക്തിപരവും മര്യാദയില്ലാത്തതുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് എംപിമാർ ആരോപിച്ചു. എല്ലാത്തരം വൃത്തികെട്ട ചോദ്യങ്ങളും അവർ ചോദിച്ചുവെന്നും എംപിമാർ പറഞ്ഞു. തുടർന്ന് എത്തിക്സ് കമ്മിറ്റി യോഗം നടന്ന മുറിയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിലാണ് തൃണമൂൽ എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരായത്. 

എന്നാൽ, വിവരങ്ങൾ ആരാഞ്ഞപ്പോൾ മഹുവ സഹകരിച്ചില്ലെന്ന് എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് സോൻകർ പറഞ്ഞു. ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഇറങ്ങിപ്പോയത്. പ്രകോപനപരമായ വാക്കുകൾ തനിക്കും സമിതി അംഗങ്ങൾക്കുമെതിരെ പ്രയോഗിച്ചുവെന്നും വിനോദ് സോൻകർ പറഞ്ഞു.  ദർശൻ ഹിരാനന്ദാനിയെക്കുറിച്ച് ചോദിച്ചപ്പോൾ ദേഷ്യത്തോടെയും ധാർഷ്ട്യത്തോടെയുമാണ് മഹുവ സംസാരിച്ചതെന്ന് സമിതി മെംബറായ അപരാജിത സാരംഗി പറഞ്ഞു.  

കമ്മിറ്റി ഇരട്ടത്താപ്പു കാട്ടുകയാണെന്നാരോപിച്ച മഹുവ തനിക്കെതിരെ സത്യവാങ്മൂലം നൽകിയ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയെ വിസ്തരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽ ആരോപണങ്ങൾ പരിശോധിക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും ചെയർമാനും ബിജെപി എംപിയുമായ വിനോദ് കുമാർ സോങ്കാറിനു നൽകിയ കത്തിൽ മഹുവ അറിയിച്ചു. പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും വ്യവസായി ദർശൻ ഹിരാനന്ദാനിക്കു കൈമാറിയെങ്കിലും പകരം പണം കൈപ്പറ്റിയിട്ടില്ലെന്നു മഹുവ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 31ന് ഹാജരാകാനായിരുന്നു ആദ്യം അവരോട് ആവശ്യപ്പെട്ടത്. 

മഹുവയുടെ മുൻ പങ്കാളി കൂടിയായ സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്റായ് സിബിഐക്കു നൽകിയ പരാതിയാണു വിവാദത്തിനു തുടക്കമിട്ടത്. ഗൗതം അദാനിയെ അപകീർത്തിപ്പെടുത്താൻ വ്യവസായി ദർശൻ ഹിരാനന്ദാനി, മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ചു പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്നാണു ദെഹാദ്റായ് ആരോപിച്ചത്. മഹുവയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും രംഗത്തെത്തി. നിഷികാന്ത് ദുബെ ആദ്യം ലോക്സഭാ സ്പീക്കറെയും പിന്നീട് ലോക്പാലിനെയും സമീപിക്കുകയായിരുന്നു.

English Summary:

Mahua Moitra, Opposition MPs Walk Out Of Panel Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com