അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തു; വിഡിയോ കോൾ വഴി മുത്തലാഖ് ചൊല്ലി ഭർത്താവ്
Mail This Article
ലക്നൗ∙ ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപെടാത്തതിനെ തുടർന്ന് വിഡിയോ കോളിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഭാര്യയുമായി വിഡിയോ കോൾ ചെയ്യുന്നതിനിടെയാണ് സൗദി അറേബ്യയിലുള്ള ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. ഒക്ടോബർ നാലിന് നടന്ന സംഭവം കാൻപുർ സ്വദേശിനിയായ ഗുൽസബ പൊലീസിൽ പരാതി നൽകിയതോടെയാണ് പുറംലോകം അറിഞ്ഞത്. സ്ത്രീധനത്തെ ചൊല്ലി ഭർത്താവിന്റെ ബന്ധുക്കൾ തന്നെ പീഡിപ്പിക്കാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. മുസ്‍ലിം വിവാഹ നിയമ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.
2022ലാണ് ഗുൽസബയും മുഹമ്മദ് സലീമും തമ്മിലുള്ള വിവാഹം നടന്നത്. സൗദി അറേബ്യയിൽ താമസിക്കുന്ന സലീം വിഡിയോ കോളിൽ ഭാര്യയുമായി സംസാരിക്കവേയാണ് അവരുടെ പുരികം ത്രഡ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. തന്റെ അനുവാദമില്ലാതെ എന്തിനാണ് ഇതു ചെയ്തതെന്നു ചോദിച്ച് രോഷംകൊണ്ടു. പിന്നാലെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നാണു യുവതി പൊലീസിനോടു പറഞ്ഞത്.
തുടർന്ന് ഗുൽസബ, സലീമിനും ഭർതൃമാതാവിനും മറ്റുള്ളവർക്കുമെതിരെ പരാതി നൽകി. മുസ്‍ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം സലീമിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം നിലവിൽ നിയമവിരുദ്ധമാണ്.