ADVERTISEMENT

തൃശൂർ∙ കേരളവർമ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ. കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി എസ്. ശ്രീക്കുട്ടന്റെ വിജയം കേരളവർമയിലെ കുട്ടികളുടെ തീരുമാനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കെഎസ്‌യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി ജനാധിപത്യ വിജയത്തെ എസ്എഫ്ഐ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു.

കേരളവർമയിലെ ‘സഖാക്കളായ അധ്യാപകരുടെ’ ജനാധിപത്യവിരുദ്ധതയും പാർട്ടി അടിമത്തവും കള്ളക്കളികളുമാണ് എസ്എഫ്ഐയെ വിജയിപ്പിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

∙ പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്

കേരളവർമയിൽ ശ്രീക്കുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെഎസ്‌യു വിജയം  അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ്എഫ്ഐ അതിനു കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും. 

എന്തു കാരണത്താൽ കെഎസ്‌യുവിനു ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ, അതേ കാരണത്താൽ എസ്എഫ്ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമയിൽ കണ്ടത്. റീ കൗണ്ടിങ് സമയത്ത് രണ്ടു തവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പു ചെയ്തു. 

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് മുതൽ കെഎസ്‌യുവിനു തടയിടാൻ ശ്രമിച്ചവരാണ് കേരളവർമയിലെ റിട്ടേണിങ് ഓഫിസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സിപിഎമ്മിന് വിടുപണി ചെയ്യാനുള്ളതല്ല.‌ കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന് ഓർത്തോളൂ.

ശ്രീക്കുട്ടന്റേയും കെഎസ്‌യുവിന്റേയും പോരാട്ടം കേരളവർമയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ചപരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിനു  കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്. കെഎസ്‌യു പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.

∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്

കേരളവർമയിലെ സഖാക്കളായ ‘അധ്യാപഹയന്മാരോടാണ്’; 895നെക്കാൾ വലുത് 896 തന്നെയാണ്. കാഴ്ച്ചയ്ക്കg പരിമിതിയുണ്ടായിട്ടും ഹൃദയം കൊണ്ട് ആ കലാലയത്തെ കണ്ടറിഞ്ഞ ശ്രീക്കുട്ടന് എസ്എഫ്‌ഐയുടെ 895നു മുകളിൽ 896 വോട്ട് നൽകി തന്നെയാണ് കേരളവർമയിലെ കുട്ടികൾ എസ്എഫ്ഐയുടെ ഏകാധിപത്യ കോട്ട പൊളിച്ചത്. എന്നാൽ സിപിഎം രാഷ്ട്രീയത്താൽ അന്ധത ബാധിച്ച കേരളവർമയിലെ ‘അധ്യാപഹയർ’ റികൗണ്ടിങ് നടത്തി 895 ആണ് വലുത് എന്ന് സ്ഥാപിച്ചെടുത്തു. അതിനുവേണ്ടി ആദ്യമെണ്ണിയപ്പോൾ ‘സാധുവായിരുന്ന’ ശ്രീക്കുട്ടന്റെ വോട്ടുകൾ പൊടുന്നനെ അസാധുവാകുന്നു.

കേരളവർമയിലെ ‘സഖാക്കളായ അധ്യാപഹയരുടെ’ ജനാധിപത്യവിരുദ്ധതയും പാർട്ടി അടിമത്തവും കള്ളക്കളികളും പ്രത്യേകം പറയണ്ടതില്ലല്ലോ. എസ്എഫ്ഐ നേതാക്കളുടെ പതിവു യോഗ്യതകളായ വ്യാജ സർട്ടിഫിക്കറ്റുമായിട്ടോ കോപ്പിയടിച്ച് പരീക്ഷ ജയിച്ചതോ അല്ലാത്ത ‘അധ്യാപഹരില്ലാത്തതു’കൊണ്ട് വീണ്ടും പറയുന്നു; 895നേക്കാൾ വലുതാണ് 896....!

കാലചക്രമിനിയുമുരുളും... ഞങ്ങളിവിടെത്തന്നെയുണ്ടാകും... മറക്കരുത്...

English Summary:

VD Satheesan And Other Congress Leaders Respond To SFI Win At Kerala Varma College, Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com