രാജസ്ഥാനിൽ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട് ഉൾപ്പെടെ 25 ഇടത്ത് ഇ.ഡി റെയ്ഡ്
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട് റെയ്ഡ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ജൽ ജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. സംസ്ഥാന തലസ്ഥാനമായ ജയ്പുർ, പ്രധാന നഗരമായ ദൗസ എന്നിവ ഉൾപ്പെടെ 25 ഇടങ്ങളിലായിരുന്നു റെയ്ഡ്.
പിഎച്ച്ഇ വിഭാഗത്തിലെ അഡീഷനൽ ചീഫ് സെക്രട്ടറി സുബോധ് അഗർവാളിന്റെ വസതിയാണ് റെയ്ഡ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സെപ്റ്റംബറിലും സമാന റെയ്ഡ് സംസ്ഥാനത്ത് ഇ.ഡി നടത്തിയിരുന്നു.
വിവിധ പ്രോജക്ടുകളിലെ ക്രമക്കേടുകളും മറ്റുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ ശ്രീ ശ്യാം ട്യൂബ്‌വെൽ കമ്പനിയുടെ പ്രൊപ്രൈറ്റർ പദംചന്ദ് ജെയിൻ, ശ്രീ ഗണപതി ട്യൂബ്‌വെൽ കമ്പനിയുടെ പ്രൊപ്രൈറ്റർ മഹേഷ് മിത്തൽ എന്നിവർ ഉൾപ്പെടെ നിരവധിപ്പേരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇവർ ഉദ്യോഗസ്ഥരെ കൈക്കൂലി നൽകി വശത്താക്കി ക്രമക്കേടുകാട്ടിയെന്നാണ് റിപ്പോർട്ട്.
വീടുകളിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന കേന്ദ്രപദ്ധതിയാണ് ജൽ ജീവൻ മിഷൻ. രാജസ്ഥാനിൽ പിഎച്ച്ഈഡി വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താനും പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
നവംബർ 25നാണ് 200 അംഗ രാജസ്ഥാൻ നിയമസഭയിലെ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 3ന്. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും അന്നു നടക്കും.