ADVERTISEMENT

ജറുസലം∙ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ നഗരം സമ്പൂർണമായി വളഞ്ഞുവെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. ഒക്ടോബർ ഏഴിന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയിൽ ആരംഭിച്ച പ്രത്യാക്രമണം, ഒരു മാസം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, ഗാസ വളഞ്ഞതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്. ഹമാസിനെ മേഖലയിൽനിന്നു വേരോടെ പിഴുതെറിയുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ മുന്നേറ്റം. ലോകരാജ്യങ്ങൾ ഒന്നടങ്കം വെടിനിർത്തൽ എന്ന ആവശ്യം ഉയർത്തുമ്പോഴും, അതു പരിഗണനയിൽ പോലുമില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

അതേസമയം, ഗാസയിൽ ഉടനീളമുള്ള ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കി ഹമാസ് ശക്തമായി പ്രതിരോധിക്കുന്നതായാണ് വിവരം. ഗാസയിൽ കടക്കുന്ന ഇസ്രയേൽ സൈനികരെ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കുമെന്ന ഭീഷണിയുമായി ഹമാസ് വക്താവ് രംഗത്തെത്തി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000ത്തിന് അടുത്തെത്തി. അതിൽ ഏറിയ പങ്കും കുട്ടികളും സ്ത്രീകളുമാണ്. ആയിരക്കണക്കിന് ആളുകൾക്കു പരുക്കേറ്റിട്ടുമുണ്ട്. ഗാസ വളഞ്ഞ് ഇസ്രയേൽ സൈന്യം നടത്തുന്ന മുന്നേറ്റം ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.

∙ ഭീഷണിയുമായി ഹമാസ്

‘ഇസ്രയേൽ സൈനികരെ ഞങ്ങൾ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കു’മെന്ന് ഹമാസ് വക്താവ് അബു ഉബൈദയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഗാസയിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം അവർ ഔദ്യോഗികമായി പുറത്തുവിട്ടതിലും അധികമാണെന്നും അബു ഉബൈദ അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗാസയിൽ കടന്നു നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 23 സൈനികർക്ക് ജീവൻ നഷ്ടമായെന്നാണ് ഇസ്രയേൽ പുറത്തുവിട്ട കണക്ക്. ഇതിൽ നാലു പേർ കൊല്ലപ്പെട്ടതായി ഇന്നാണു സ്ഥിരീകരണം വന്നത്. എന്നാൽ മരിച്ച സൈനികരുടെ എണ്ണം അതിലും കൂടുതലാണെന്നാണ് ഹമാസിന്റെ അവകാശവാദം.

ഗാസ നഗരത്തിൽ വ്യാപിച്ചു കിടക്കുന്ന ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു ഹമാസിന്റെ മറുപടി. തുരങ്കങ്ങളിൽനിന്ന് സ്ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിർത്തും വഴിയിൽ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്.

ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു പിന്നാലെ പുക ഉയരുന്നു. ഒക്ടോബർ 10ലെ കാഴ്ച. (Photo by Rizek Abdeljawad/Xinhua/IANS)
ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു പിന്നാലെ പുക ഉയരുന്നു. ഒക്ടോബർ 10ലെ കാഴ്ച. (Photo by Rizek Abdeljawad/Xinhua/IANS)

തുരങ്കങ്ങളിൽനിന്ന് അപ്രതീക്ഷിതമായി പുറത്തെത്തി ഇസ്രയേൽ ടാങ്കുകൾക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ഹമാസ് സായുധസംഘം, അതിനുശേഷം ഞൊടിയിടയിൽ തുരങ്കങ്ങളിലേക്ക് ഉൾവലിയുകയാണു ചെയ്യുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗറില യുദ്ധത്തിന്റെ വിഡിയോകൾ ഹമാസ് തന്നെ പുറത്തുവിട്ടു. സൈനിക മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേലും പങ്കുവച്ചു. ഹമാസ് പ്രവർത്തകർ ഗാസ സിറ്റിയിലെ ഭൂഗർഭ തുരങ്കങ്ങൾക്കു പുറമേ സാധാരണക്കാരുടെ വീടുകളിൽ ഒളിച്ചുപാർത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇതു നേരിടാൻ ഇസ്രയേൽ സൈന്യം വീടുകളിലേക്ക് ഇരച്ചുകയറുമെന്ന് ആശങ്കയുണ്ട്.

∙ ബന്ദികളെ കണ്ടെത്താൻ ഡ്രോൺ

അതിനിടെ, ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി യുഎസ് സജീവമായി രംഗത്തുണ്ട്. ഗാസ മുനമ്പിൽ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന മേഖലകൾ കണ്ടെത്തുന്നതിനായി യുഎസ് വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകൾ പറത്തി പരിശോധന നടത്തുന്നതായി, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടു യുഎസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇത്തരത്തിൽ ഡ്രോണുകൾ പറത്തിയുള്ള പരിശോധന തുടരുന്നതായാണ് ഉദ്യോഗസ്ഥരിലൊരാൾ നൽകുന്ന വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നു വീണ്ടും മേഖലയിൽ സന്ദർശനത്തിനെത്തും.

ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ. (Photo by Rizek Abdeljawad/Xinhua/IANS)
ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ. (Photo by Rizek Abdeljawad/Xinhua/IANS)

ബന്ദികളെ മോചിപ്പിക്കുന്നതുവരെ വൻതോതിലുള്ള ആക്രമണം പാടില്ലെന്ന് യുഎസ് ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. യുദ്ധത്തിൽ ഇസ്രയേലിനൊപ്പമെന്ന് തുടക്കം മുതൽ ആവർത്തിച്ചിരുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഘർഷം നിർത്തിവയ്ക്കാൻ സമയമായെന്ന് പറഞ്ഞത് ശ്രദ്ധേയമായി. മിനസോഡയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രസംഗിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് ജസീക്ക റോസൻബെർഗ് എന്ന റാബി വെടിനിർത്തൽ ആവശ്യപ്പെട്ടപ്പോഴാണ് സംഘർഷത്തിന് വിരാമം വേണമെന്നു ബൈ‍ഡൻ പറഞ്ഞത്.

∙ റഫാ അതിർത്തി തുറന്നുതന്നെ

അതിനിടെ, ഗാസയിൽ കുടുങ്ങിയ വിദേശ പൗരത്വമുള്ളവരെയും അവരുടെ ചില ഉറ്റ ബന്ധുക്കളെയും റഫാ അതിർത്തി വഴി പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടു ദിവസം മുൻപു മാത്രം തുറന്ന റഫാ അതിർത്തി വഴി ഇതുവരെ എഴുനൂറിലധികം പേരാണ് ഈജിപ്തിലേക്കു കടന്നത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നൂറോളം പലസ്തീൻകാരെയും വിദഗ്ധ ചികിത്സാർഥം അതിർത്തി കടക്കാൻ ഈജിപ്ത് അനുവദിച്ചിരുന്നു.

ഈജിപ്തിലേക്കു കടക്കാനായി വടക്കൻ ഗാസ മുനമ്പിലെ റഫാ അതിർത്തിയിലേക്കു പ്രവേശിക്കുന്ന ആളുകൾ (Photo by Mohammed ABED / AFP)
ഈജിപ്തിലേക്കു കടക്കാനായി വടക്കൻ ഗാസ മുനമ്പിലെ റഫാ അതിർത്തിയിലേക്കു പ്രവേശിക്കുന്ന ആളുകൾ (Photo by Mohammed ABED / AFP)

വിദേശപാസ്പോർട്ടുള്ളവരെയും ഗുരുതരമായി പരുക്കേറ്റവരെയും പുറത്തുകടക്കാൻ സഹായിച്ച് റാഫ അതിർത്തി തുറന്നത് ആശ്വാസമായെങ്കിലും ഒഴിപ്പിക്കേണ്ടവരുടെ പട്ടികയിൽ ഇടം നേടാനാകാതെ നിരാശരാകുന്നവരുടെ എണ്ണം ഏറുകയാണ്. ഇന്നലെ 400 പേരെ മാത്രമാണ് ഈജിപ്തിലേക്കു കടക്കാൻ അനുവദിച്ചത്. ബുധനാഴ്ച 320 പേർ അതിർത്തി കടന്നു. പട്ടികയിൽ ഇടംനേടിവരിലേറെയും യുഎസ് പാസ്പോർട്ട് കൈവശമുള്ളവരാണ്.

∙ ആശുപത്രികൾ പൂട്ടുന്നു; ആശങ്ക

ഇസ്രയേൽ കരയുദ്ധം കനപ്പിക്കുന്നതിനിടെ, ഗാസയിലെ സ്ഥിതി കൂടുതൽ മോശമാവുകയാണെന്നാണ് റിപ്പോർട്ട്. ഗാസയിലെ 35 ആശുപത്രികൾ ഇതിനകം പ്രവർത്തനം നിർത്തിക്കഴിഞ്ഞു. അവയിൽ പലതും ഇപ്പോൾ അഭയാർഥി ക്യാംപുകളായി. ആശുപത്രികളുടെ വരാന്തകളിൽപ്പോലും ആളുകൾ നിറഞ്ഞിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രികളുടെ പ്രവർത്തനം മുടങ്ങുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു.

ആയിരത്തിലേറെ ഡയാലിസിസ് രോഗികളും മാസം തികയാതെ പിറന്ന് ഇൻകുബേറ്ററിലുള്ള 130 നവജാത ശിശുക്കളും മരണം മുന്നിൽക്കാണുകയാണെന്ന് സംഘടന പറഞ്ഞു. ഗാസയിലെ ഇന്തൊനീഷ്യൻ ഹോസ്പിറ്റലിലെ പ്രധാന ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചു. ഗാസയ്ക്ക് നിലവിൽ ഇസ്രയേലിന്റെ ഇന്ധനവിലക്കുണ്ട്. ഇന്ധനം അനുവദിച്ചാൽ ഹമാസ് അതു സൈനിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ഇസ്രയേൽ പറയുന്നത്.

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നവർ. (Photo by MOHAMMED ABED / AFP)
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നവർ. (Photo by MOHAMMED ABED / AFP)

ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയിൽ ഏതാനും മണിക്കൂറുകൾ കൂടി പ്രവർത്തിക്കാനുള്ള വൈദ്യുതി മാത്രമാണു ബാക്കിയുളളത്. കാൻസർ ചികിത്സയ്ക്കുള്ള ഏകകേന്ദ്രമായ ടർക്കിഷ്–പലസ്തീനിയൻ ഹോസ്പിറ്റൽ ബുധനാഴ്ച പൂട്ടി. ഇവിടെ 70 രോഗികൾ അത്യാസന്ന നിലയിലാണ്. ഇവരെ തുർക്കിയിലേക്കു മാറ്റാൻ ശ്രമം നടക്കുന്നു.

English Summary:

Israeli Troops Surround Gaza City, Hamas Says Will "Send Them Back In Bags"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com