പാലക്കാട്ടെ യുവാവിന്റെ കൊലപാതകം: സുഹൃത്ത് കസ്റ്റഡിയിൽ, ഒരു മൃതദേഹം കൂടി കണ്ടെത്തി
Mail This Article
പാലക്കാട്∙ തൃത്താല കരിമ്പനക്കടവിനു സമീപം യുവാവു കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാറിന്റെ കൊലപാതകത്തിൽ സുഹൃത്ത് മുസ്തഫയാണു പിടിയിലായത്. ഇയാളെ തൃത്താല പൊലീസാണു കസ്റ്റഡിയിൽ എടുത്തത്. സംഭവ സ്ഥലത്തുനിന്നും അൻസാറിന്റെ സുഹൃത്ത് ഓങ്ങല്ലൂർ കാരക്കാട് സ്വദേശി കബീറിന്റെ (25) മൃതദേഹവും കണ്ടെത്തി.
ഇന്നലെ രാത്രിയാണു അൻസാർ കൊല്ലപ്പെട്ടത്. കബീറിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞാണു കണ്ടെത്തിയത്. അൻസാറും മുസ്തഫയും കബീറും സുഹൃത്തുക്കളായിരുന്നു. ഇന്നലെ പുഴയിൽ മീൻപിടിക്കാനായി പ്രദേശത്ത് കാറിൽ എത്തിയതായിരുന്നു മൂന്നുപേരും. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും മുസ്തഫ അൻസാറിനെ വെട്ടിയെന്നുമാണു നാട്ടുകാർ പറയുന്നത്. ഒരുമാസം മുൻപാണ് അൻസാർ ഗൾഫിൽനിന്നും തിരികെ നാട്ടിൽ എത്തിയത്. സുഹൃത്തു കത്തികൊണ്ട് ആക്രമിച്ചെന്നു മരണത്തിനുമുമ്പ് അൻസാർ പൊലീസിന് മൊഴി നൽകിയിരുന്നു.