ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർഥന അവഗണിച്ച് കേരളീയം പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായി മണിശങ്കർ അയ്യർ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ് കേരളത്തിലെത്തിയത്. അല്ലാതെ പിണറായി വിജയനോടുള്ള ബഹുമാനാർഥമല്ല. പഞ്ചായത്ത് രാജ് ബില്ല് വന്നതും അധികാരവികേന്ദ്രീകരണത്തിനു തുടക്കം കുറിച്ചതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. പരിപാടിയിൽ പങ്കെടുത്തതിനു കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുകയാണെങ്കിൽ എടുത്തോട്ടെ എന്നും അദ്ദേഹം പരോക്ഷമായി പറഞ്ഞു. 

കേരളത്തിലെ പഞ്ചായത്ത് ഭരണ സംവിധാനം മികച്ചതാണെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. കർണാടകയിലും നല്ല രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. അവിടെനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടകയിൽ നിന്നുള്ള കാര്യങ്ങളും കേരളം മനസിലാക്കാൻ ശ്രമിക്കണം. 27% ഫണ്ട് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അത് മതിയാകില്ല. തദ്ദേശ തലത്തിൽ താഴേ തട്ടിലുള്ള ആസൂത്രണവും ഫണ്ട് നൽകലും വർധിപ്പിക്കണം. കേരളത്തിൽ നഗരവൽക്കരണം വലിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും ആസൂത്രണം ഗ്രാമീണതലത്തിലേതു പോലെയാണ്. അതിൽ മാറ്റംവരുത്തണം. നഗരകേന്ദ്രീകൃതമായി ആസൂത്രണം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഇനി എഴുതുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം വേദിയിലുണ്ടായിരുന്ന മുൻ മന്ത്രി തോമസ് ഐസക്കിനോട് നിർദേശിച്ചു. ചടങ്ങിൽ തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ്, തദ്ദേശവകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ മന്ത്രി തോമസ് ഐസക്, മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അടക്കമുള്ളവർ പങ്കെടുത്തു.

English Summary:

Congress Leader Mani Shankar Aiyer In Keraleeyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com