‘എന്റെ മോളേ...’, പൊട്ടിക്കരഞ്ഞ് ലിബ്നയുടെ മുത്തശ്ശി; വേദന ഉള്ളിലൊതുക്കി പിതാവ്: കണ്ണീരോടെ വിടപറഞ്ഞ് നാട്
Mail This Article
മലയാറ്റൂർ (കൊച്ചി) ∙ കളമശേരിയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ (12) മൃതദേഹം സ്കൂളിലും വാടക വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം സംസ്കരിച്ചു.ലിബ്ന പഠിക്കുന്ന നീലീശ്വരം എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.45 മൃതദേഹം കൊണ്ടു വന്നപ്പോൾ വികാര നിർഭര രംഗങ്ങളായിരുന്നു.
എന്നും പുഞ്ചിരിയോടെയും ഉത്സാഹവതിയായും വന്നിരുന്ന ലിബ്ന ആംബുലൻസിലെ ഫ്രീസറിൽ നിശ്ചലമായി കടന്നു വന്നപ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കണ്ണീരടക്കാനായില്ല. സ്കൂൾ മുറ്റത്ത് താൽക്കാലികമായി ഒരുക്കിയ പന്തലിൽ വച്ച ഫ്രീസറിൽ ലിബ്നയുടെ ശരീരം മൂടിപ്പൊതിഞ്ഞ നിലയിലായിരുന്നു. ശവമഞ്ചത്തിൽ പതിച്ച ലിബ്നയുടെ പുഞ്ചിരിക്കുന്ന ചിത്രം മാത്രമായിരുന്നു കാഴ്ച. വിദ്യാർഥികളും അധ്യാപകരും പൂക്കളർപ്പിച്ചു വണങ്ങി. ഒടുവിൽ വന്നത് ലിബ്ന പഠിക്കുന്ന ഏഴ് എയിലെ കുട്ടികൾ .പൂക്കളർപ്പിച്ച് അവർ ക്ലാസിലേക്ക് ഓടി.
അതു വരെ അടക്കി വച്ച സങ്കടമെല്ലാം അണപൊട്ടിയൊഴുകുന്ന കാഴ്ചയായിരുന്നു പിന്നെ. ഒരു ക്ലാസിൽ ഒരുമിച്ചു പഠിച്ചിരുന്നവരെല്ലാം കൂട്ടക്കരച്ചിലായിരുന്നു. ആശ്വസിപ്പിക്കാൻ ശ്രമിച്ച ക്ലാസ് ടീച്ചർ വി.എസ്.ബിന്ദുവിനെ കെട്ടിപ്പിടിച്ച് വിദ്യാർഥികൾ കരഞ്ഞു. ഏഴ് എയിലെ ക്ലാസ് ലീഡറായിരുന്നു ലിബ്ന. സ്കൂളിലെ എൻസിസി സൈറ്റുകളും സ്കൗട്സ് ആൻഡ് ഗൈഡ്സും മൃതദേഹത്തിനു മുന്നിൽ സല്യൂട്ട് അർപ്പിച്ചു. സ്കൂളിലെ മുൻ വിദ്യാർഥികളും മുൻ അധ്യാപകരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഒരു മണിക്കൂറിനു ശേഷം മൃതദേഹം ലിബ്നയുടെ കുടുബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കു കൊണ്ടുപോയി.
ബെന്നി ബഹനാൻ എം.പി, റോജി എം.ജോൺ എംഎൽഎ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. ലിബ്നയുടെ പിതാവ് പ്രദീപൻ തുടക്കം മുതൽ ഒടുക്കം വരെ മൃതദേഹത്തിനു മുന്നിൽ നിശ്ചലനായി ഇരിക്കുകയായിരുന്നു. ലിബ്നയുടെ മാതാവ് സാലിയുടെ മാതാവ് മേരി പൊട്ടിക്കരച്ചിലോടെ മൃതദേഹത്തിനടുത്ത് നിന്ന് മാറാതെയിരുന്നു' ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ സാലിയും മൂത്ത മകൻ പ്രവീണും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ തീവ്ര പരിചരണത്തിലാണ്. ലിബ്നയുടെ മരണം ഇവർ അറിഞ്ഞിട്ടില്ല. രണ്ടാമത്തെ ജ്യേഷ്ഠൻ രാഹുലും ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല.