‘എത്തിക്സ് കമ്മിറ്റി ചെയർമാന്റേത് വൃത്തികെട്ട ചോദ്യങ്ങൾ, എന്റെ കയ്യിൽ തെളിവുണ്ട്’’: ബിജെപിയെ ആക്രമിച്ച് മഹുവ
Mail This Article
ന്യൂഡൽഹി∙ പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിൽ മൊഴിയെടുത്ത എത്തിക്സ് കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. എത്തിക്സ് കമ്മിറ്റി ചെയർമാൻ വൃത്തികെട്ടതും അനാവശ്യവുമായ ചോദ്യങ്ങളാണ് ഉന്നയിച്ചത് എന്ന തന്റെ ആരോപണത്തിന് കൃത്യമായ തെളിവുകളുണ്ടെന്ന് മഹുവ പറഞ്ഞു.
‘‘തെറ്റായ പ്രചാരണം നടത്തി വനിതാ എംപിമാരെ പുറത്താക്കുന്നതിനു മുൻപ് ബിജെപി ഒന്നറിയുക, എത്തിക്സ് കമ്മിറ്റിയിൽ നടന്ന സംഭാഷണങ്ങളുടെ ഒരു വാക്കു പോലും കുറയാതെയുള്ള കൃത്യമായ റിക്കോർഡ് എന്റെ കൈവശമുണ്ട്. ചെയർമാന്റെ തരംതാണ, വൃത്തികെട്ട, അനാവശ്യ ചോദ്യങ്ങൾ, പ്രതിപക്ഷത്തിന്റെ പ്രതിഷേധം, എന്റെ പ്രതിഷേധം– ഇതെല്ലാം കയ്യിലുണ്ട്.’’– മഹുവ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
അദാനി വിഷയത്തിൽ ബിജെപി തനിക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്താൻ പദ്ധതിയിടുകയാണെന്ന് അറിയാൻ സാധിച്ചെന്നും മഹുവ വ്യക്തമാക്കി. ‘‘ബിജെപി എനിക്കെതിരെ ക്രിമിനൽ കേസുകൾ പദ്ധതിയിടുകയാണെന്ന് അറിയാൻ സാധിച്ചു. എല്ലാം സ്വാഗതം ചെയ്യുന്നു. എന്നാൽ അദാനിയുടെ 13,000 കോടി രൂപയുടെ അഴിമതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ട് സിബിഐയും ഇ.ഡിയും എന്റെ ചെരിപ്പുകളുടെ എണ്ണം എടുക്കാൻ വരൂ’’–മഹുവ പറഞ്ഞു.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിൽ മൊഴിയെടുത്ത എത്തിക്സ് കമ്മിറ്റി യോഗത്തിൽനിന്ന് മഹുവ ഇറങ്ങിപ്പോയിരുന്നു. കോഴ ആരോപണം നേരിടുന്ന മഹുവ, കമ്മിറ്റിയുടെ ചോദ്യങ്ങൾ സ്വകാര്യതയിലേക്കു കടന്നുകയറുന്നതാണെന്ന് ആരോപിച്ചാണ് ക്ഷുഭിതയായി ഇറങ്ങിപ്പോയത്. മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണു കമ്മിറ്റിയിലെ ഭരണകക്ഷി അംഗങ്ങൾ പെരുമാറിയതെന്നും വൃത്തികെട്ട ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നും മഹുവ ആരോപിച്ചിരുന്നു.
കമ്മിറ്റി അംഗങ്ങളായ എൻ.ഉത്തംകുമാർ റെഡ്ഡി (കോൺഗ്രസ്), ഡാനിഷ് അലി (ബിഎസ്പി) അടക്കമുള്ള പ്രതിപക്ഷ എംപിമാരും മഹുവയ്ക്കൊപ്പം യോഗം ബഹിഷ്കരിച്ചു. ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാനാണു മഹുവ ഇറങ്ങിപ്പോയതെന്നും തനിക്കെതിരെ അവർ മോശം പരാമർശം നടത്തിയെന്നും കമ്മിറ്റി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാർ സോങ്കർ തിരിച്ചടിച്ചു. പാർലമെന്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണിതെന്ന് മഹുവയ്‌ക്കെതിരെ പരാതി നൽകിയ ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.