ADVERTISEMENT

തൃശൂർ∙ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ച് തടവുകാർ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കൊടി സുനിയുടെ നേതൃത്വത്തിലാണ് തടവുകാർ സംഘം ചേർന്ന് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്നു ജീവനക്കാർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജയിൽ അധികൃതർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വാക്കുതർക്കത്തിനു പിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുകാരുടെ സംഘം ജയിൽ ഓഫിസിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള അപ്രതീക്ഷിത ആക്രമണം ജീവനക്കാർക്ക് തടയാനായില്ല. തടവുകാർ ജയിൽ ഓഫിസിലെ ഫർണിച്ചറുകൾ തല്ലിത്തകർത്തു. പിന്നീട് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി സ്ഥലത്തെത്തിയാണ് തടവുകാരെ കീഴ്‌പ്പെടുത്തിയത്.

ജയിലിൽ മുൻപും പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ളയാളാണു കൊടി സുനി. വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മർദ തന്ത്രമാണെന്നാണു സൂചന. വിയ്യൂരിൽ സുനിയുടെ കയ്യിൽനിന്നു മൊബൈൽ ഫോൺ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാർക്കും ലഭിച്ച പ്രത്യേക പരോളിൽനിന്നു തഴയപ്പെടുകയും ചെയ്തതോടെയാണു കണ്ണൂരിലേക്കു മാറാൻ സുനി ശ്രമം തുടങ്ങിയതെന്നാണു വിവരം.

മൊബൈൽ ഫോണുമായി പിടിക്കപ്പെട്ടതോടെ വിയ്യൂരിൽ കൊടി സുനിക്കു മേൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടിപി വധക്കേസിലെ മറ്റു പ്രതികൾക്കെല്ലാം കോവിഡ് കാലത്തു പ്രത്യേക പരോൾ ലഭിച്ചപ്പോൾ സുനി മാത്രം ജയിലിൽ തന്നെയായിരുന്നു.

English Summary:

Inmates Under The Leadership Of Kodi Suni Launch Violent Attack in Thrissur High-Security Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com