‘തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ നീക്കം’; മഹാദേവ് ആപ്പ് വിവാദത്തിൽ പ്രതികരണവുമായി ബാഗേൽ
Mail This Article
ന്യൂഡൽഹി∙ മഹാദേവ് വാതുവയ്പ്പു കേസിലെ പ്രധാനപ്രതി ശുഭം സോണിയുടെ വിഡിയോ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. കേസുമായി ബന്ധപ്പെട്ട് മനഃപൂർവം തന്നെ അപകീർത്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് ബാഗേൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന നീക്കമാണ് ഇതെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു.
ദുബായിൽ ചൂതാട്ട ബിസിനസ് തുടങ്ങാൻ ബാഗേൽ തന്നെ പ്രോത്സാഹിപ്പിച്ചതായാണ് ശുഭം സോണി വിഡിയോയിൽ പറയുന്നത്. ഭിലായിയിലെ തന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്ത സമയത്ത് ബാഗേലിനെ സമീപിച്ചിരുന്നതായും ശുഭം സോണി പറഞ്ഞിരുന്നു.
എങ്ങനെയാണ് ഇത്തരത്തില്‍ ഒരു വിഡിയോ പുറത്തുവന്നതെന്ന് മനസ്സിലാക്കാന്‍ ആർക്കും ബുദ്ധിമുട്ടില്ലെന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. ‘തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് ബിജെപി ഈ നീക്കം നടത്തുന്നത്. ഇഡിയെ ആയുധമാക്കി ഇങ്ങനെയൊരു നീക്കം നടത്തുകയാണെന്ന് എല്ലാവർക്കും മനസ്സിലാകും. കാരണം ഇഡിയുടെ സഹായത്തോടെയാണ് ബിജെപി ഈ തിരഞ്ഞെടുപ്പ് നേരിടുന്നത്. എനിക്കെതിരെ ഇഡിയെ ആയുധമാക്കുന്നു.’– ഭൂപേഷ് ബാഗേൽ പറഞ്ഞു. ശുഭം സോണിയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നും ബാഗേൽ പറഞ്ഞു. ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. ബിജെപിയും ഇഡിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനുള്ള മറുപടി അവര്‍ തിരഞ്ഞെടുപ്പിൽ നൽകുമെന്നും ഭൂപേഷ് ബാഗേൽ കൂട്ടിച്ചേർത്തു.
കോടികളുടെ വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടു കേസ് നേരിടുന്ന മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾ ബാഗേലിന് 508 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് 6 പേർ അറസ്റ്റിലായിട്ടുണ്ടെങ്കിലും മുഖ്യപ്രതികൾ ഒളിവിലാണ്. ഈ ആപ് വഴി 5,000 കോടി രൂപയുടെയെങ്കിലും വെട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഛത്തീസ്ഗഡിൽ നടത്തിയ റെയ്ഡിൽ അസീം ദാസ് എന്ന ഹവാല ഇടപാടുകാരനിൽ നിന്ന് 5.39 കോടി രൂപ കഴിഞ്ഞ ദിവസം ഇഡി പിടിച്ചെടുത്തിരുന്നു. മഹാദേവ് ആപ്പിന്റെ ഉടമകളുടെ പണവുമായി യുഎഇയിൽ നിന്ന് എത്തിയതാണെന്നും തിരഞ്ഞെടുപ്പു ചെലവുകൾക്കായി ബാഗേൽ എന്നയാൾക്ക് നൽകാനായിരുന്നു നിർദേശമെന്നും ഇയാൾ വെളിപ്പെടുത്തിയെന്ന് ഇഡി അറിയിച്ചു.