‘‘കരിമണൽ കർത്തയുടെ കയ്യിൽനിന്ന് ആരു പണം വാങ്ങിയാലും അത് കളങ്കിത പണം’’
Mail This Article
കൊല്ലം ∙ കരിമണൽ കർത്തയുടെ കയ്യിൽനിന്ന് ആരു പണം പറ്റിയാലും അതു കളങ്കിത പണം ആണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആരു കാശു വാങ്ങി എന്നു പറയുന്നില്ല. കാശു വാങ്ങിയ എല്ലാവരെയും അറിയാം. മുൻ ഡിസിസി പ്രസിഡന്റ് പി.എസ്.അസീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെറിയാൻ ഫിലിപ്പ്.
രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു പോകണമെങ്കിൽ സംഭാവന സ്വീകരിക്കണം. പക്ഷേ, രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ആളുകളുടെ കയ്യിൽനിന്നു പണം വാങ്ങുന്നത് ശരിയാണോ എന്ന് രാഷ്ട്രീയ പാർട്ടികൾ ആലോചിക്കണം. നമ്മുടെ നാട്ടിൽ ധാരാളം കൊള്ളക്കാരുണ്ട്. അവർ കാശു കൊടുത്ത് ഭരണാധികാരികളെ സ്വാധീനിക്കാൻ ശ്രമിക്കും.
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് കരിമണൽ. സ്വർണത്തേക്കാൾ വിലയാണ് ആറ്റം ബോംബ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തോറിയത്തിന്. തോറിയം ഏറ്റവും കൂടുതലുള്ളത് നീണ്ടകര മുതൽ തോട്ടപ്പള്ളി വരെയുള്ള തീരദേശത്താണ്. ഇത് കെഎംഎംഎല്ലിനു കിട്ടുന്നുണ്ടോ? കേന്ദ്ര സർക്കാരിന്റെ നിയമം അനുസരിച്ച് കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളൂ. അതു മറികടക്കാൻ കെഎംഎംഎലിന്റെ മറവിൽ ഉപകരാർ എടുത്ത് സ്വകാര്യ കമ്പനികൾ കരിമണൽ മാത്രമല്ല തീരം മൊത്തം ഊറ്റിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.