ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ: ഉടുമ്പന്‍ചോല - ചേരിയാര്‍ പാതയിൽ രാത്രിയാത്രാ നിരോധനം
Mail This Article
തൊടുപുഴ∙ മൂന്നാര്‍ - കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ) നിരോധിച്ചു. തിങ്കളാഴ്ച മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് നിരോധനമെന്ന് ജില്ലാ കലക്ടർ ഷീബ ജോര്‍ജ് അറിയിച്ചു. ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിരോധനം.
നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റു പാതകള്‍ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രികാല യാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴയിൽ ഇടുക്കി ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചിരുന്നു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. റോയി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നാണ് വിവരം. ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.