കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ നാലായി
Mail This Article
കൊച്ചി∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്. മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്നുരാവിലെ അഞ്ചുമണിയോടെയാണു മരണം സ്ഥിരീകരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയിൽ ആദ്യം ചികിത്സതേടിയ മോളിയെ ഗുരുതര പരുക്കുകളെ തുടർന്നു മെഡിക്കൽ സെന്ററിലേക്കു മാറ്റുകയായിരുന്നു.
ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) എന്നിവരാണു നേരത്തേ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ചികിത്സയിൽ കഴിയവേയാണു കുമാരിയും ലിബിനയും മരിച്ചത്. ഒക്ടോബർ 29നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടു മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതി ഡൊമിനിക് മാർട്ടിനെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിലെ താമസക്കാരനും സ്ഫോടന സമയത്തു കൺവൻഷൻ സെന്ററിൽ ഉണ്ടായിരുന്ന രണ്ടു പേരുമാണു പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. താൻ മാത്രമാണു പ്രതി എന്നു ഡൊമിനിക് മാർട്ടിൻ പറയുന്നുണ്ടെങ്കിലും എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മാത്രം ഈ നിഗമനത്തിന് അടിവരയിടാനാണു പൊലീസിന്റെ ശ്രമം. സ്ഫോടനമുണ്ടായ കൺവൻഷനിൽ പങ്കെടുത്തവരെ പറ്റിയും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.