മരിച്ച് 8 മാസങ്ങൾക്കുശേഷം മുഷറഫിന്റെ വധശിക്ഷാ വിധി പരിഗണിക്കാൻ പാക്ക് സുപ്രീം കോടതി
Mail This Article
ഇസ്‌ലാമാബാദ്∙ അന്തരിച്ച മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിനെതിരായ കേസ് പരിഗണിക്കാൻ പാക്കിസ്ഥാൻ കോടതി. അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടിരുന്ന വഞ്ചനാക്കുറ്റമുൾപ്പെടെയുള്ളവയാണ് വെള്ളിയാഴ്ച കോടതി പരിഗണിക്കുക.
ഭരണഘടന അട്ടിമറിച്ച് 2007 നവംബർ മൂന്നിന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനു പിന്നിൽ വൻ ഗൂഢാലോചന നടത്തിയെന്നാണ് ചുമത്തപ്പെട്ട കുറ്റം. 2019ൽ മുഷറഫിനെ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പാക്കിസ്ഥാന്റെ 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ പട്ടാള അട്ടിമറിയാണ് മുഷറഫ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ലാഹോർ ഹൈക്കോടതി ശിക്ഷ റദ്ദാക്കി.
പ്രത്യേക കോടതി വിധിച്ച വധശിക്ഷ വീണ്ടും ചുമത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഖാസി ഫയീസ് ഇസ അധ്യക്ഷനായ നാലംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സിന്ധ് ഹൈക്കോടതി ബാർ അസോസിയേഷൻ ഉൾപ്പെടെ ലാഹോർ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2023 ഫെബ്രുവരിയിലാണ് ദുബായിൽ വച്ച് മുഷറഫ് മരിച്ചത്.