ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്കു മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കമ്മിറ്റിയിലാണ് തീരുമാനം. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ വാഹനങ്ങള്‍ക്ക് പിഴക്കുടിശികയുണ്ടോയെന്നു പരിശോധിക്കാൻ സംവിധാനം ഏര്‍പ്പെടുത്തും.

നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തതുമൂലം വിചാരണ നടപടികള്‍ക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളില്‍ പിഴ അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം പരിഗണിച്ച് മോട്ടര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരിട്ട് പിഴ അടയ്ക്കാവുന്നതാണെന്ന് ആന്റണി രാജു പറഞ്ഞു. എംപരിവാഹന്‍ എന്ന മൊബൈല്‍ ആപ്പിലൂടെ വാഹനങ്ങള്‍ക്ക് പിഴയുണ്ടോ എന്ന് അറിയുവാന്‍ കഴിയും. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനായി ഇ-ചലാന്‍ വെബ്‌സൈറ്റില്‍ തന്നെ സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് നടന്നത്. ഏകദേശം 21.5 കോടി രൂപ പിഴയായി ലഭിച്ചു. അപകടമരണങ്ങൾ കുറഞ്ഞതിനാൽ വാഹന ഇൻഷുറൻസ് പോളിസി തുക കുറയ്ക്കാനും ഇൻഷുറൻസ് പുതുക്കുന്നതിനു മുൻപ് നിയമ ലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാനും ഇൻഷുറൻസ് കമ്പനി മേധാവികളുമായി 15 നു ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

എഐ ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളില്‍ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എഐ ക്യാമറ സ്ഥാപിച്ച 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022ല്‍ ഇതേ കാലയളവില്‍ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വര്‍ഷം സെപ്റ്റംബറിൽ റോഡപകടങ്ങളില്‍ 273 ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍, കഴിഞ്ഞവര്‍ഷം സെപ്റ്റംബറിൽ റോഡ് അപകടങ്ങളില്‍ 365 പേരാണ് മരിച്ചത്. 

English Summary:

Penalty should be paid for pollution certificate: Antony Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com