ADVERTISEMENT

ന്യൂഡൽഹി ∙ തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഡീപ്ഫെയ്ക് വിഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരിൽ ഡീപ്ഫെയ്ക് ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കത്രീന കൈഫ് നായികയായെത്തുന്ന ‘ടൈഗർ 3’യിൽ നിന്നുള്ള ചിത്രമെന്ന പേരിലാണ് ഈ വ്യാജ ചിത്രം പ്രചരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് വ്യാജമായി രൂപപ്പെടുത്തിയ ചിത്രമാണിത്.

കത്രീന കൈഫ് ഒരു ടവൽ ധരിച്ച് ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാർഥ രംഗം. എന്നാൽ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഡീപ്ഫെയ്ക് ചിത്രത്തിൽ കത്രീന ഒരു ലോ കട്ട് വെള്ള മേൽവസ്ത്രവും ടവലിനു പകരം വെള്ള അടിവസ്ത്രവും ധരിച്ചുള്ള ചിത്രമാണ് പ്രചരിക്കുന്നത്.

മന്ദാനയ്ക്കു പിന്നാലെ കത്രീനയുടെ ഡീപ്ഫെയ്ക് ചിത്രങ്ങളും പ്രചരിച്ചതോടെ ശക്തമായ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് രംഗത്തുവന്നത്. കത്രീനയുടെ വ്യാജ ചിത്രം പുറത്തുവന്നതിനു പിന്നാലെ, യഥാർഥ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് തെറ്റിദ്ധാരണ ഒഴിവാക്കണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്.

തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വിഡിയോ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. വിഡിയോയിൽ യഥാർഥത്തിലുള്ളത് സമൂഹമാധ്യമതാരം സാറ പട്ടേലാണ്. സാറയുടെ മുഖത്തിനു പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർത്ത വിഡിയോയാണ് പ്രചരിച്ചത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് നടൻ അമിതാഭ് ബച്ചൻ അടക്കം ആവശ്യപ്പെട്ടിരുന്നു.

ഡീപ്ഫെയ്ക്കുകൾ അത്യന്തം അപകടകരമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഐടി ചട്ടമനുസരിച്ച് വ്യാജ ഉള്ളടക്കം വരാതിരിക്കേണ്ട ഉത്തരവാദിത്തം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കുണ്ട്. സർക്കാരോ ഉപയോക്താവോ ശ്രദ്ധയിൽപെടുത്തിയാൽ 36 മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

∙ ഡീപ്ഫെയ്ക്?

എഐയുടെ സഹായത്തോടെ തയാറാക്കുന്ന കൃത്രിമ വിഡിയോകളാണ് ഡീപ്ഫെയ്ക്. വിഡിയോ എടുത്ത് ശബ്ദം മാറ്റുകയോ തലമാറ്റി മോർഫ് ചെയ്യുകയോ ചെയ്യുന്ന പഴയ സൂത്രമല്ല ഡീപ്ഫെയ്ക്. ഒരാളുടെ ലഭ്യമായ വിഡിയോകളും ദൃശ്യങ്ങളുമെല്ലാം വിശദമായി പരിശോധിച്ച്, മുഖത്തെ പേശീചലനങ്ങൾ പോലും പഠിച്ച്, അയാൾ സംസാരിക്കുന്ന രീതിയിലും ശബ്ദത്തിലും അംഗവിക്ഷേപങ്ങളോടെയും വിഡിയോ തയാറാക്കുകയാണ് ചെയ്യുന്നത്.

English Summary:

After Rashmika Mandanna Video, Katrina Kaif's Deepfake Pic From 'Tiger 3' Surfaces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com