ബിഹാർ ജാതി സർവേ: 94 ലക്ഷം കുടുംബങ്ങളുടെ മാസ വരുമാനം 6000 രൂപയിൽ താഴെയെന്ന് റിപ്പോർട്ട്
Mail This Article
പട്ന ∙ ബിഹാറിലെ മൂന്നിലൊന്ന് കുടുംബങ്ങളും അതിദരിദ്രമാണെന്ന് ജാതി സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ ആകെയുള്ള 2.97 കോടി കുടുംബങ്ങളിൽ 94 ലക്ഷവും (34.13 ശതമാനം) മാസവരുമാനം 6000 രൂപയിൽ താഴെയുള്ളവരാണെന്നും നിയമസഭയിൽ ചൊവ്വാഴ്ച സമർപ്പിച്ച വിശദ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 2ന് പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിന്റെ വിശദരൂപമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
പിന്നാക്ക വിഭാഗക്കാർ, ദലിതർ, ആദിവാസികൾ എന്നിവർക്കിടയിലാണ് ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ളത്. എസ്‌സി, എസ്ടി വിഭാഗങ്ങളിലുള്ള 42 ശതമാനത്തിലേറെ കുടുംബങ്ങളും ദരിദ്രരാണ്. എസ്‌സി വിഭാഗത്തിൽനിന്ന് സർവേയിൽ ഉൾപ്പെട്ടവരിൽ ആറ് ശതമാനം പേർ മാത്രമാണ് 12–ാം ക്ലാസ് പൂർത്തിയാക്കിയിട്ടുള്ളത്. എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗക്കാര്‍, അതിപിന്നാക്ക വിഭാഗക്കാർ എന്നിങ്ങനെ തിരിച്ച് 215 വിഭാഗങ്ങളെയാണ് ജാതി സര്‍വേയിൽ ഉള്‍പ്പെടുത്തിയത്.
മെച്ചപ്പെട്ട ജോലിയും വിദ്യാഭ്യാസവും തേടി അരക്കോടിയിലേറെ ബിഹാർ സ്വദേശികൾ സംസ്ഥാനത്തിനു പുറത്താണുള്ളതെന്നും സർവേയിൽ വ്യക്തമാക്കുന്നു. ജോലി തേടി മറ്റു സംസ്ഥാനങ്ങളിൽ 46 ലക്ഷംപേരും വിദേശത്ത് 2.17 ലക്ഷം ബിഹാറികളുമാണുള്ളത്. 5.52 ലക്ഷം വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലും 27,000 പേർ വിദേശത്തും ഉന്നത വിദ്യാഭ്യാസം നടത്തുന്നു. 79.7 ആണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്.
യാദവ, മുസ്‌ലിം വിഭാഗക്കാരെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ബിഹാറിൽ നടക്കുന്നതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിനു പിന്നാലെയാണ് വിശദ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടിൽ സംസ്ഥാനത്തെ 60 ശതമാനത്തിലേറെപ്പേർ പിന്നാക്ക വിഭാഗക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പൊതുവിഭാഗത്തിലുള്ള 25.09 ശതമാനം കുടുംബങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.