ഡൽഹിയിലെ വായു മലിനീകരണം: വാഹന നിയന്ത്രണത്തിൽ വീർപ്പുമുട്ടൽ; വൈക്കോൽ പിന്നെന്തു ചെയ്യുമെന്നു കർഷകർ
Mail This Article
ന്യൂഡൽഹി∙ അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സമ്മിശ്ര പ്രതികരണം. പൊതുഗതാഗതത്തിന് ആവശ്യത്തിനു ബസുകൾ ഇല്ലാത്ത ഡൽഹിയിൽ നിയന്ത്രണം എങ്ങനെ പ്രായോഗികമാകുമെന്നാണു പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ചോദ്യം.
ഡൽഹിയിലെ വായു മലിനീകരണത്തിന് നേരിയ പരിഹാരം എന്ന നിലയിൽ കേജ്‌രിവാൾ സർക്കാർ 2016ലാണ് ആദ്യമായി ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തിയത്. അതിന് ശേഷം ഇതു നാലാം തവണയാണ് നഗരത്തിൽ ഇത്തരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2019ൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ഇരുചക്ര വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കിയിരുന്നു. മെഡിക്കൽ വാഹനങ്ങൾക്കും വനിതകൾ ഒറ്റയ്ക്കു സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഇളവുണ്ടായിരുന്നു.
ഡൽഹിയിലെ മലിനീകരണ പ്രശ്നം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ ഉന്നത തല യോഗം വിളിച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും മറ്റു വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിലെ റോഡുകളിലും മറ്റും അടിഞ്ഞു കൂടിയ പൊടി എത്രയും വേഗം നീക്കം ചെയ്യണമെന്ന് ലഫ്. ഗവർണർ വി.കെ. സക്സേന ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. തുറസ്സായ സ്ഥലത്തു തീയിടുന്നതും നിർമാണ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പ്രത്യേക സമിതി രൂപീകരിച്ചു.
വായു മലിനീകരണത്തിനിടയാക്കിയ 2,200 വാഹനങ്ങൾക്കു ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം പിഴയിട്ടു. അവശ്യ സർവീസുകൾ അല്ലാതെ നഗരത്തിൽ പ്രവേശിച്ച പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾക്കാണു പിഴ ചുമത്തിയത്. ഡൽഹിയുടെ 20 പ്രധാന അതിർത്തികളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പഴയ ഡീസൽ വാഹനങ്ങളും ചരക്കു വാഹനങ്ങളും നഗരത്തിലേക്കു കടക്കാതിരിക്കാൻ കർശന പരിശോധന നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. മലിനീകരണം രൂക്ഷമായ 13 ഹോട്ട് സ്പോട്ടുകളിലും പ്രത്യേകം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങൾക്കും ബിഎസ്3, ബിഎസ് 4 വാഹനങ്ങൾക്കും ഡൽഹിയിലേക്കു പ്രവേശനം വിലക്കിയിട്ടുണ്ട്.
ഫലപ്രദമല്ലെന്ന് വിമർശനം
ഒറ്റ– ഇരട്ട അക്ക വാഹന നിയന്ത്രണം ഫലപ്രദമല്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഇത് കേജ്‌രിവാൾ സർക്കാരിന്റെ രാഷ്ട്രീയ തട്ടിപ്പു മാത്രമാണെന്ന് ഡൽഹിയിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് റസിഡന്റ്സ് ജോയിന്റ് ആക്ഷൻ (യുആർജെഎ) വിമർശിച്ചു.
മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഇതൊരു പ്രായോഗിക പരിഹാര നടപടിയില്ല. തീരുമാനത്തിൽ ജനങ്ങൾക്കു കടുത്ത അതൃപ്തിയുണ്ടെന്നും യുആർജെഎ പ്രസിഡന്റ് അതുൽ ഗോയൽ പറഞ്ഞു. 2500ലേറെ റസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ അംഗമായ കൂട്ടായ്മയാണ് യുആർജെഎ. മലിനീകരണം നിയന്ത്രിക്കാനെന്ന പേരിൽ ഡൽഹി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ പലതും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നു നോർത്ത് ഡൽഹി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അശോക് ബാസിൻ പറഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാർ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കു പകരം 2 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കണം എന്നാണു ഡിഫൻസ് കോളനി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത് സിങ് പറഞ്ഞത്.
∙ പൊലീസും ജാഗ്രതയിൽ
വായു മലിനീകരണം കടുത്തതോടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോടു മാസ്ക് ധരിക്കാൻ ഡൽഹി പൊലീസ് നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹി ട്രാഫിക് പൊലീസ് തങ്ങളുടെ ഉദ്യോഗസഥർക്കായ് 2,000 എൻ 95 മാസ്കുകൾ വിതരണം ചെയ്തിരുന്നു.
ശ്വാസം മുട്ടിക്കുമെന്നറിയാം; വൈക്കോൽ പിന്നെന്തു ചെയ്യും?
ന്യൂഡൽഹി∙ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ വൈക്കോൽ കത്തിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് ഗോതമ്പ്, നെൽ കൃഷി വ്യാപകമായ ഹരിയാനയിലെ കർണാലിൽ നിന്നുള്ള യുവ കർഷകൻ ആശിഷ് ശർമ പറയുന്നത്. തീയിടുന്നതു കാരണം അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന വാർത്തകളൊക്കെ ആശിഷും കാണുന്നുണ്ട്. ഒപ്പം താമസിക്കുന്ന അമ്മാവൻ മുഖി റാമിനു കടുത്ത ആസ്ത്മയാണ്. നെബുലൈസറിന്റെ സഹായമില്ലാതെ ഒരു ദിവസം പോലും കഴിഞ്ഞു കൂടാൻ പറ്റാത്തത്ര ശ്വാസ തടസ്സവുണ്ട്. പക്ഷേ, അടുത്ത വിളവിറക്കും മുൻപായി വൈക്കോൽ ഒഴിവാക്കാൻ ഇവരുടെ മുന്നിൽ തീയിടുകയല്ലാതെ മറ്റൊരു വഴിയുമില്ല.
വൈക്കോൽ സംസ്കരിക്കുന്ന മെഷീൻ വാടകയ്ക്ക് എടുക്കണമെങ്കിൽ 4 ഏക്കറുള്ള ആശിഷിന്റെ പാടത്ത് ഒരു ദിവസം 4000 രൂപ ചെലവാണ്. സ്വന്തമായി ഒരു മെഷീൻ വാങ്ങണമെങ്കിൽ 3 ലക്ഷം രൂപയാണു ചെലവ്. വാടകയ്ക്ക് മെഷീൻ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിയും വരും. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ യുപി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സാധാരണ കർഷകരുടെ അവസ്ഥയും ഇതു തന്നെയാണ്. കർണാലിലെ വായു നിലവാര സൂചിക ഇന്നലെ 300 കടന്നു. തങ്ങളുടെ ഗ്രാമത്തിൽ പാടത്തു തീയിട്ട ആർക്കും പിഴ ചുമത്തിയിട്ടില്ലെന്നാണു കർണാലിലെ മറ്റൊരു കർഷനായ ധരംവീർ പറയുന്നത്.
15 ഏക്കറുള്ള തന്റെ പാടത്ത് കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. പാട്ടത്തിനെടുത്ത 10 ഏക്കർ കൃഷിയിടത്തിലും അടുത്ത ദിവസം വൈക്കോൽ കത്തിക്കുമെന്നും ധരംവീർ പറഞ്ഞു. എന്നാൽ, കർണാലിൽ പാടത്ത് തീയിടുന്നത് മുൻ വർഷത്തെ അപേക്ഷിച്ചു വളരെ കുറഞ്ഞെന്നാണു കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ അജസ് സിങ് റാണ പറഞ്ഞത്.