‘കോൺഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം നക്‌സലുകൾ ശക്തിപ്രാപിക്കുന്നു’: നരേന്ദ്ര മോദി
Mail This Article
റായ്‌പുർ∙ രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം നക്‌സലുകൾ ശക്‌തി പ്രാപിക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്‌ഗഡിൽ ബിശ്രംപുരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണത്തിനു കീഴിൽ ലഹരിക്കടത്തും മനുഷ്യക്കടത്തും സുർഗുജ ജില്ലയിൽ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നക്‌സൽ കലാപത്തെ നിയന്ത്രിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതായും മുതിർന്ന ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. ബിജെപി പ്രവർത്തകന്റെ കൊലപാതകത്തെ പരാമർശിച്ചായിരുന്നു ആരോപണം.
‘‘രാജ്യത്ത് എപ്പോഴൊക്കെ കോൺഗ്രസ് അധികാരത്തിലെത്തിയാലും തീവ്രവാദികളും നക്‌സലുകളും ശക്തി പ്രാപിക്കും. അപ്പോഴൊക്കെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും സ്‌ഫോടനവാർത്തകളും കൊലപാതക വാർത്തകളുമാണ് കേൾക്കാനാകുക. കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴെല്ലാം കൊള്ളയും കൊലയുമാണ്. അടുത്തിടെ ഒരു ബിജെപി നേതാവ് കൊല്ലപ്പെട്ടു. നിരവധി പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. നിങ്ങൾക്ക് ബോംബിന്റെയും തോക്കുകളുടേയും നിഴലിൽ കഴിയുവാനാണോ താത്‌പര്യം? എത്ര സമ്പാദ്യം നിങ്ങളുടെ കൈയിലുണ്ടായിട്ടും കാര്യമില്ല. നിങ്ങളുടെ മകൻ വീട്ടിലെത്തുന്നതിന് പകരം, മകന്റെ മൃതദേഹമാണ് വീട്ടിലെത്തുന്നതെങ്കിൽ, ആ സമ്പാദ്യം കൊണ്ട് പിന്നെ എന്താണ് കാര്യം? അതുകൊണ്ട്, സുരക്ഷയാണ് പ്രധാന്യം. അതിനായി പോളിങ് ബൂത്തുകളിൽ നിന്നുതന്നെ കോൺഗ്രസിനെ പുറത്താക്കണം. അവർ മഹാദേവിന്റെ പേരിൽ പോലും അഴിമതി നടത്തി. 30 ശതമാനം കമ്മിഷൻ സർക്കാരാണ് ഛത്തീസ്‌ഗഡ് ഭരിക്കുന്നത്’’– നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
ഗോത്ര മേഖലയിൽ നിന്ന് ഒരാൾ രാഷ്ട്രപതിയാകുന്നത് തടയാൻ കോൺഗ്രസ് എത്രമാത്രം ശ്രമിച്ചുവെന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകില്ല. എന്നാൽ അവർക്കായി ബിജെപി നിലകൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്. നവംബർ 17നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.