ബന്ധമറിഞ്ഞ് ഫോണ് പിടിച്ചുവാങ്ങി, എന്നിട്ടും ബന്ധം തുടർന്ന് ഫാത്തിമ; ഒടുവിൽ ബലമായി കളനാശിനി കുടിപ്പിച്ചു കൊന്നു
Mail This Article
കൊച്ചി∙ ഇതരമതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചതിനു പിതാവ് വിഷം കൊടുത്തു കൊലപ്പെടുത്തിയ പതിനാലുകാരി അനുഭവിച്ചത് ക്രൂരപീഡനമെന്ന് പൊലീസ് എഫ്ഐആർ. ആലുവ കരുമാലൂർ സ്വദേശിനി ഫാത്തിമയാണ് പിതാവ് ബലമായി നൽകിയ കളനാശിനി ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. മകളെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിതാവ് അബീസിനെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 342, 324, 326–എ, 307 വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ 75–ാം വകുപ്പുമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
ഒക്ടോബർ 29ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. പഠിക്കുന്ന സ്കൂളിലെ ഇതരമതത്തിൽപ്പെട്ട ആൺകുട്ടിയുമായി ഫാത്തിമ പ്രണയത്തിലാണെന്ന് അറിഞ്ഞതു മുതൽ അബീസ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽനിന്ന് മകളെ വിലക്കിയിരുന്നു. എന്നാൽ ഫോൺ പിടിച്ചുവച്ചിട്ടും മറ്റൊരു ഫോണിൽനിന്ന് ഫാത്തിമ ആൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. ഇത് അബീസിനെ ചൊടിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും മകൾ അത് അനുസരിക്കാത്തതിലുള്ള വിരോധത്താൽ പ്രതി കരുതുക്കൂട്ടി കൊല ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടെ വിഷം നൽകിയെന്നാണ് പൊലീസ് റിപ്പോർട്ട്.
പെൺകുട്ടിയെ ക്രൂരമായ മർദനത്തിനും പ്രതി ഇരയാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. കമ്പിവടികൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേൽപിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാൻ ശ്രമിച്ചത്. കളനാശിനി ഉള്ളിൽച്ചെന്ന കുട്ടി ഛർദിച്ച് അവശനിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.