ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണം, ഗൂഢാലോചന: വിദേശമണ്ണിലും രക്ഷയില്ല; അജ്ഞാതരാൽ കൊല്ലപ്പെട്ട് നിരവധി ഭീകരർ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന ഭീകരർ അജ്ഞാതരാൽ വിദേശങ്ങളിൽ കൊല്ലപ്പെടുന്നതു തുടരുന്നു. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഒടുവിലത്തേതാണ്. ഇന്ത്യ തിരയുകയായിരുന്ന 18 ഭീകരരാണു കഴിഞ്ഞ 20 മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.
ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ ഓഫിസർ ഉൾപ്പെടെ 6 സൈനികർ വീരമൃത്യു വരിച്ചിരുന്നു. ലഷ്കറെ തയിബ കമാൻഡറായ ഖാജ ഷാഹിദിന്റെ മൃതദേഹം പാക്ക് അധിനിവേശ കശ്മീരിലാണു കണ്ടെത്തിയത്. അധിനിവേശ കശ്മീരിലെ നീലം താഴ്‌വര സ്വദേശിയായ ഷാഹിദിനെ ഏതാനും ദിവസം മുൻപ് തോക്കുധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തവേയാണു കൊലപാതകം. സംഭവത്തിൽ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്.
ഖലിസ്ഥാൻ ഭീകരരായ ഹർദീപ് സിങ് നിജ്ജാർ, സുഖ്‌ദൂൽ സിങ് (സുഖ ദുനേക) എന്നിവർ ഏതാനും മാസം മുൻപു കാനഡയിൽ കൊല്ലപ്പെട്ടിരുന്നു. നിജ്ജാർ വധത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായി. കൊലപാതകത്തിൽ പങ്കുണ്ടെന്ന ആക്ഷേപം ഇന്ത്യ ആദ്യംമുതൽ നിഷേധിക്കുന്നുണ്ടെങ്കിലും ആരോപണങ്ങൾ പിൻവലിക്കാൻ കാനഡ തയാറായിട്ടില്ല.
നിജ്ജാറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്നു റിപ്പോർട്ടുണ്ടായിരുന്നു. ജൂണ്‍ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു കൊലപാതകം. 2 വാഹനങ്ങളും 6 പുരുഷന്മാരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ലഭ്യമായ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും സാക്ഷിമൊഴികള്‍ അടിസ്ഥാനമാക്കിയും വാഷിങ്ടൻ പോസ്റ്റ് വെളിപ്പെടുത്തിയത്.
അടുത്തിടെ വിദേശത്ത് കൊല്ലപ്പെട്ട ഭീകരരുടെ പട്ടിക
∙ സഹൂർ മിസ്ത്രി: 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിലെ പ്രതി. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഇയാൾ പാക്കിസ്ഥാനിലെ കറാച്ചിയില്‍ 2022 മാര്‍ച്ചിൽ വെടിയേറ്റു കൊല്ലപ്പെട്ടു.
∙ റിപുദമൻ സിങ് മാലിക്: 1985ലെ എയർ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണത്തിൽ പങ്ക്. 2022 ജൂലൈയിൽ കാനഡയിലെ വാൻകൂവറിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.
∙ ലാൽ മുഹമ്മദ്: ഇന്ത്യയിൽ കള്ളനോട്ട് വിതരണം ഏറ്റെടുത്തയാൾ. പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ ഏജന്റ്. 2022 സെപ്റ്റംബറിൽ നേപ്പാൾ കാഠ്മണ്ഡുവിലെ ഒളിത്താവളത്തിനു പുറത്തു വെടിയേറ്റു കൊല്ലപ്പെട്ടു.
∙ ഹർവീന്ദർ സിങ് സന്ധു: ഭീകരനായി മാറിയ ഗുണ്ട. 2021ൽ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്തിനു നേരെ റോക്കറ്റാക്രമണം നടത്തി. 2022 നവംബറിൽ ലഹോറിൽ ശരീരത്തിൽ അമിതലഹരി സാന്നിധ്യത്തോടെ മരിച്ചനിലയിൽ കണ്ടെത്തി.
∙ ബാഷിർ അഹമ്മദ് പീർ (ഇംതിയാസ് ആലം): ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഹിസ്ബുൽ മുജാഹിദ്ദീൻ ലോഞ്ചിങ് കമാന്‍ഡര്‍. ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.
∙ സയീദ് ഖാലിദ് റാസ: അല്‍-ബദറിന്റെ കമാന്‍ഡര്‍. ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ വെടിയേറ്റു കൊല്ലപ്പെട്ടു.
∙ ഇജാസ് അഹമ്മദ് അഹൻഗാർ: ഐഎസ് കമാൻഡറായ ഇയാൾ ഫെബ്രുവരിയിൽ അഫ്ഗാനിസ്ഥാനിലാണു കൊല്ലപ്പെട്ടത്. താലിബാനാണു കൊന്നതെന്നു കരുതുന്നു.
∙ സയീദ് നൂർ ഷാലോബാർ: ഐഎസ്–കെ കമാൻഡർ. മാർച്ചിൽ പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ കൊല്ലപ്പെട്ടു.
∙ പരംജിത് സിങ് പഞ്ജ്‌വാർ: ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) തലവൻ. മേയ് ആറിൽ ലഹോറിൽ അജ്ഞാതൻ വെടിവച്ചു കൊന്നു.
∙ അവതാർ സിങ് ഖണ്ഡ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിക്കാൻ പദ്ധതിയിട്ട ഖലിസ്ഥാൻ നേതാവ്. ജൂൺ 15ന് യുകെയിലെ ബർമിങ്ങാമിൽ വിഷബാധയേറ്റു മരണം.
∙ ഹർദീപ് സിങ് നിജ്ജാർ: ജൂണ്‍ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപം അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.
∙ സർദാർ ഹുസൈൻ അരെയ്ൻ: നിരോധിത ജമാഅത്ത്–ഉദ്–ധവ, ലഷ്കറെ തയിബ എന്നിവയിലെ അംഗം. ഓഗസ്റ്റിൽ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്‌ഷായിൽ ആക്രമണത്തിൽ പരുക്കേറ്റ് മരണം.
∙ അബു ഖാസിം കശ്മീരി (റിയാസ്): ലഷ്കറെ തയിബയിലെ ഉന്നതാംഗം. സെപ്റ്റംബറിൽ പാക്ക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ പള്ളിയിൽ അജ്ഞാതൻ വെടിവച്ചു കൊന്നു.
∙ സുഖ്‌ദൂൽ സിങ് (സുഖ ദുനേക): കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരൻ. വിന്നിപെഗിൽ സെപ്റ്റംബറിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ് ഉത്തരവാദിത്തം ഏറ്റെടുത്തു.
∙ മൗലാന സിയാവുർ റഹ്മാൻ: ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ എന്നിവയിൽ അംഗമായ പുരോഹിതൻ. സെപ്റ്റംബറിൽ കറാച്ചിയിൽ വെടിയേറ്റു കൊല്ലപ്പെട്ടു.
∙ മുഫ്തി ഖൈസർ ഫാറൂഖ്: ഭീകരൻ ഹാഫിസ് സയീദിന്റെ സഹായിയായ ലഷ്കറെ തയിബ അംഗം. കറാച്ചിയിൽ മതസ്ഥാപനത്തിനു സമീപം സെപ്റ്റംബറിൽ വെടിയേറ്റു കൊല്ലപ്പെട്ടു.