മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചു, വൈൻ നിർമിച്ചു; ‘നാടൻ ബ്ലോഗർ’ അറസ്റ്റിൽ
Mail This Article
ചെർപ്പുളശ്ശേരി (പാലക്കാട്) ∙ യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമിച്ചതിനും യുവാവ് അറസ്റ്റിലായി. തൂത ഹെൽത്ത് സെന്റർ നെച്ചിക്കോട്ടിൽ അക്ഷജിനെ (21) ആണു ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അക്ഷജിനെ ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. യൂട്യൂബിൽ ‘നാടൻ ബ്ലോഗർ’ എന്ന ചാനൽ നടത്തുന്നയാളാണ് അക്ഷജ്
യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് അക്ഷജിന്റെ വീടു പരിശോധിച്ച പൊലീസ് വിഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്സ് റിഡക്‌ഷൻ മൈക്ക്, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. അനധികൃതമായി വൈൻ നിർമാണത്തിനു തയാറാക്കിയ 20 ലീറ്റർ വാഷ് മിശ്രിതവും 5 ലീറ്റർ വൈനും വീട്ടിൽ നിന്നു പിടികൂടി.
പ്രിവന്റീവ് ഓഫിസർ കെ.വസന്തകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ വി.ജയദേവൻ ഉണ്ണി, എൻ.ബദറുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർ ആർ.ഇന്ദ്രാണി, ഡ്രൈവർ ടി.വിഷ്ണു എന്നിവരാണു റെയ്ഡ് നടത്തിയത്.