ഗവർണർക്കെതിരെ വീണ്ടും ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹർജി: അസാധാരണ നടപടി
Mail This Article
ന്യൂഡൽഹി∙ നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ വീണ്ടും ഹർജിയുമായി കേരള സർക്കാർ. ഗവർണർക്കെതിരെ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തു. ഒരാഴ്ചയ്ക്കിടെ ഫയൽ ചെയ്യുന്ന രണ്ടാമത്തെ ഹർജിയാണിത്. ഗവർണറെ കക്ഷിചേർക്കണമെന്നാണ് ആവശ്യം.
സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ഗവര്‍ണര്‍ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.
നേരത്തേ, സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് കേരള സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. നിയമസഭ പാസാക്കിയ 8 ബില്ലുകളിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ലെന്നും ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി.രാമകൃഷ്ണനുമാണു ഇതിലെ ഹർജിക്കാർ. ഗവർണർ, രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ.
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകുന്നതിനെ നേരത്തേ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിച്ചു കഴിയുമ്പോൾ മാത്രം തീരുമാനമെടുക്കുന്ന രീതി ഗവർണർമാർ അവസാനിപ്പിക്കണമെന്നും അവർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ അല്ലെന്ന വസ്തുത ഓർക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.ൈവ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് 7 ബില്ലുകളിൽ തിരുമാനമെടുക്കാതെ ഭരണസ്തംഭനം സൃഷ്ടിക്കുന്നുവെന്നാരോപിച്ചു പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം.