തീവ്രവാദ സംഘം കേരളവും സന്ദർശിച്ചതായി എൻഐഎ; വന്നത് ബൈക്കുകളിൽ, ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചു
Mail This Article
മുംബൈ ∙ ഐഎസ് മാതൃകയിൽ പുണെ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനത്തിനു പദ്ധതി തയാറാക്കിയ സംഘം കേരളവും സന്ദർശിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം. ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ബൈക്കുകളിൽ മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെത്തിയ സംഘം ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചതായും നാലായിരം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
അറസ്റ്റിലായ സംഘത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈൽ, ലാപ്ടോപ് എന്നിവയിൽ നിന്നാണു ലഭിച്ചത്. വിദേശത്തുള്ളവർക്ക് വിവരങ്ങൾ കൈമാറിയതായും എൻഐഎ പറയുന്നു. ജൂലൈയിൽ ബൈക്ക് മോഷണ ശ്രമത്തിനിടെ പിടിയിലായ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് ഭീകരാക്രമണ പദ്ധതി വെളിപ്പെട്ടത്. സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഇവരുടെ താമസസ്ഥലത്തുനിന്ന് പിന്നീട് കണ്ടെത്തി. തുടരന്വേഷണത്തിൽ 6 പേർ കൂടി അറസ്റ്റിലായിരുന്നു. ഇനി 5 പേരെ കൂടി കിട്ടാനുണ്ട്.
നേരത്തെ, ഐഎസുമായി ചേർന്നു പ്രവർത്തിച്ചതിനു തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴും ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭ്യമായത്. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയതെന്ന് എൻഐഎ അറിയിച്ചു. ക്രൈസ്തവ പുരോഹിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചതായി എൻഐഎ വ്യക്തമാക്കി.