‘പുതുമുഖപ്പേടി’യിൽ സദാനന്ദ ഗൗഡ; ‘കൂടുതൽ ആഗ്രഹങ്ങളില്ല, ഇനി മത്സരിക്കാനില്ല’
Mail This Article
ബെംഗളൂരു∙ കർണാടക മുൻ മുഖ്യമന്ത്രിയും ബെംഗളൂരു നോർത്ത് എംപിയുമായ സദാനന്ദ ഗൗഡ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പാർട്ടിയിൽ നിന്നും അർഹിച്ച അംഗീകാരങ്ങൾ ലഭിച്ചുവെന്നും കൂടുതൽ ആഗ്രഹങ്ങളില്ലെന്നും അദ്ദേഹം ഹാസനിൽ പറഞ്ഞു.
10 വർഷം എംഎൽഎയായും 20 വർഷം എംപിയായും പ്രവർത്തിച്ചു. ഒരു വർഷം മുഖ്യമന്ത്രിയായി. 4 വർഷം പാർട്ടി സംസ്ഥാന പ്രസിഡന്റായി. 7 വർഷം കേന്ദ്രമന്ത്രിയായിരുന്നു. ഇതിൽ കൂടുതൽ ആഗ്രഹിക്കുന്നത് സ്വാർഥതയാണെന്നു സദാനന്ദ ഗൗഡ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനു സമാനമായി ലോക്സഭയിലും കർണാടകയിൽ പുതുമുഖങ്ങൾക്കു ബിജെപി അവസരം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രഖ്യാപനം. ഗൗഡ ഉൾപ്പെടെ മുതിർന്ന നേതാക്കൾക്കു സീറ്റു ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതോടെയാണ് സദാനന്ദ ഗൗഡയുടെ പിന്മാറ്റം. കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലെ സുള്ള്യയിൽ ജനിച്ച സദാനന്ദ ഗൗഡ 2011ലാണ് കർണാടക മുഖ്യമന്ത്രിയാകുന്നത്. 2014 മുതൽ 2021 വരെ കേന്ദ്രമന്ത്രിയായിരുന്നു.
നേരത്തേ ബിജെപി–ജനതാദൾ എസ് സഖ്യത്തെ പരസ്യമായി എതിർത്ത് ഗൗഡ രംഗത്തെത്തിയിരുന്നു. പിന്നാലെ ഗൗഡയെ ദേശീയ നേതൃത്വം ഡൽഹിയിലേക്കു വിളിച്ചു വരുത്തി. എന്നാൽ 2 ദിവസം കാത്തു നിന്നിട്ടും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ കാണാൻ കഴിയാതെ സദാനന്ദ ഗൗഡ മടങ്ങിയിരുന്നു.