ADVERTISEMENT

വാഷിങ്ടൻ∙ ലോകത്തിന് ആശ്വസിക്കാം, ചിക്കുൻഗുനിയ ഇനി അത്ര ഭീകരമാകില്ല. ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സീന് യുഎസ് അനുമതി നൽകി. വാല്‍നെവ വികസിപ്പിച്ച വാക്സീന്‍ ‘ഇക്സ്ചിക്’ എന്ന പേരിലാകും വിപണിയിലെത്തുക. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (യുഎസ്‌എഫ്ഡിഎ) അനുമതി നൽകിയത്.

18 വയസ്സിനു മുകളിലുള്ളവർക്കാണു വാക്സീന്‍ നല്‍കുക. ഒറ്റത്തവണയാണ് എടുക്കേണ്ടത്. ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്കു ഉടനെ വാക്സീൻ എത്തുമെന്നാണു റിപ്പോർട്ട്. ലോകത്തു പലയിടത്തും ഭീഷണിയായ ചിക്കുഗുനിയ എന്ന വൈറൽപനി 2007ൽ ആണ് കേരളത്തിൽ പടർന്നു പിടിച്ചത്. സാധാരണ മഴക്കാലത്താണ് ഈ പനി പടരുക. ആർബോ വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണു രോഗാണുവാഹകർ.

രോഗാണുക്കളുള്ള കൊതുക് കടിച്ച് 2–12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്കവരിലും 7 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഏറ്റവും പ്രധാന ലക്ഷണം ശക്തമായ പനിയാണ്. മിക്കവരിലും വിറയലോടു കൂടിയ കഠിനമായ പനിയാണ് ഉണ്ടാവുക. ഡെങ്കിപ്പനി, വൈറൽ പനി എന്നിവയോട് സാമ്യമുണ്ടെങ്കിലും ചില പ്രത്യേകതകൾ ശ്രദ്ധിച്ചാൽ ചിക്കൻഗുനിയയെ വേർതിരിച്ചറിയാം. ചിക്കുൻഗുനിയ പനിയോടൊപ്പം ശരീരത്തിലെ വിവിധ സന്ധികളിൽ നീരും വേദനയും ഉണ്ടാവുന്നു. ചിലർക്ക് പനിയോടൊപ്പം ക്ഷീണം, ഛർദ്ദി, മനംമറിച്ചിൽ എന്നിവയും ഉണ്ടാവാം.

കണങ്കാൽ, കാൽമുട്ട്, കൈകളിലെ ചെറിയ സന്ധികള്‍ എന്നിവയിലാണ് വേദന അനുഭവപ്പെടുക. അസഹ്യമായ സന്ധിവേദന മൂലം രോഗി വളഞ്ഞ് കൂനിപ്പോകുന്നതു കൊണ്ടാണ് രോഗത്തിന് ചിക്കുൻഗുനിയ എന്ന പേരു വന്നത്. ആഫ്രിക്കയിലെ സ്വാഹിലി ഭാഷയിൽ ചിക്കുന്‍ഗുനിയ എന്ന വാക്കിന്റെ അർഥം ‘വളയുക’ എന്നാണ്. ഒരു സന്ധിയിൽനിന്നും മറ്റു സന്ധികളിലേക്കും മാറിമാറി വേദന ഉണ്ടാവാം. പനി മാറിയാലും സന്ധിവേദനയും നീർക്കെട്ടും മാസങ്ങളോ വർഷങ്ങളോ നീണ്ടു നിൽക്കും. മറ്റു രോഗങ്ങൾ ഉള്ളവരിൽ മരണം സംഭവിക്കാം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടനെ ചികിത്സ ആരംഭിക്കണം.

English Summary:

USFDA approves first vaccine to prevent disease caused by chikungunya virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com