ലോകായുക്തയിൽ കേസുകൾ കുറയുന്നു; അധികാരങ്ങൾ വെട്ടിച്ചുരുക്കിയത് തിരിച്ചടിയായി
Mail This Article
തിരുവനന്തപുരം∙ ലോകായുക്തയിലെത്തുന്ന കേസുകളുടെ എണ്ണം കുറയുന്നു. പ്രതിവർഷം ആയിരത്തിനു മുകളിൽ കേസുകളുണ്ടായിരുന്നത് കോവിഡിനുശേഷം നാനൂറിനു താഴെയായി കുറഞ്ഞു. 2016ൽ 1264 കേസുകളാണ് റജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 197 കേസുകൾ. 2016–1,264, 2017–1,673, 2018–1,578, 2019–1,057, 2020–205, 2021–227, 2022–305, 2023–197.
സ്വജനപക്ഷപാതം, അഴിമതി, ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്യൽ, പൊതുസേവകരുടെ ദുർഭരണം, അഴിമതിക്കോ സ്വാർത്ഥ താൽപര്യത്തിനോ പദവിയുടെ ദുരുപയോഗം തുടങ്ങിയ പരാതികളിൽ അന്വേഷണത്തിന് ലോകായുക്തയ്ക്ക് അധികാരമുണ്ട്. വെള്ളപേപ്പറിൽ 150രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പൊട്ടിച്ച് പരാതി നൽകാം. ലോകായുക്തയ്ക്ക് രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കാം. വക്കീലിനെ വയ്ക്കാൻ പണമില്ലാത്തവർക്ക് സ്വന്തമായും വാദിക്കാം.
കോവിഡിനുശേഷമാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്ന് അഭിഭാഷകർ പറയുന്നു. സർക്കാർ ലോകായുക്ത ഭേദഗതി ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കിയതും ജനങ്ങളെ ലോകായുക്തയിൽനിന്ന് അകറ്റിയതിന്റെ കാരണമായി. ഉപലോകായുക്തമാർക്ക് സ്വമേധയാ കേസെടുക്കാനുള്ള അധികാരം മുൻപുണ്ടായിരുന്നു. ഇതനുസരിച്ച് നിരവധി കേസുകൾ എടുത്തിരുന്നു.
ഉപലോകായുക്തയ്ക്ക് സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെ കേസെടുക്കാൻ കഴിയാതെയായി. ലോകായുക്ത നിലവിൽവന്നപ്പോൾ പഞ്ചായത്തിലെ ജനപ്രതിനിധികൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കാൻ കഴിയുമായിരുന്നു. ഓംബുഡ്സ്മാൻ വന്നതോടെ കേസുകൾ അങ്ങോട്ട് മാറ്റി.